modi-

വെയ്ൽസ്: പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യനായിരുന്നു എന്ന് ഡിസ്‌ക്കവറി ചാനലിലെ ‘മാൻ വേഴ്‌സസ് വൈൽഡ്’ എന്ന പരിപാടിയുടെ അവതാരകൻ ബിയർ ഗ്രിൽസ്. ഇദ്ദേഹത്തിനൊപ്പമാണ് നരേന്ദ്ര മോദി ജിം കോർബറ്റ് നാഷണൽ പാർക്കിലെ പരിപാടിയിൽ പങ്കെടുത്തത്. മോദിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ബിയർ ഗ്രിൽസ് സംസാരിച്ചത്.

''മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്രമോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളിൽ നിന്ന് ചെറിയ പാറക്കല്ലുകൾ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാൽ, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയർന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്" ബിയർ ഗ്രിൽസ് പറഞ്ഞു.

''യാത്രയിൽ മഴ പെയ്യുന്നുണ്ടായിരുന്നു. രഹസ്യ സംഘത്തിലെ സഹായകർ നരേന്ദ്രമോദിക്ക് ഒരു കുട എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, മോദി കുട വേണ്ട എന്നും തനിക്ക് കുഴപ്പമൊന്നുമില്ല എന്നും അവരോട് പറഞ്ഞു. ശരീരമൊക്കെ തണുത്ത് വിറയ്ക്കുന്ന തരത്തിലുള്ള തണുപ്പായിരുന്നു. എന്നാൽ, അപ്പോഴെല്ലാം മോദിയുടെ മുഖത്ത് വലിയ ചിരിയുണ്ടായിരുന്നു"- ഗ്രിൽസ് തുർന്നു.

ഡിസ്‌ക്കവറി ചാനൽ പരിപാടിയുമായി ബന്ധപ്പെട്ട പതിയ ടീസർ വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതിൽ ബിയർ ഗ്രിൽസ് മോദിയോട് നിങ്ങൾ കാട്ടിലായിരുന്നോ എന്ന് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി ചെറുപ്പത്തിൽ താൻ ഹിമാലയത്തിലായിരുന്നു എന്ന് മോദി മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. പുലി വന്നാൽ ഇങ്ങനെ കുത്തണമെന്നു പറഞ്ഞ് മോദിയുടെ കൈയിലേക്ക് ഗ്രിൽസ് ആയുധം കൊടുക്കുന്നത് വീഡിയോയിലുണ്ട്. എന്നാൽ, എതിരാളികളെ ആക്രമിക്കുന്ന സംസ്‌കാരം തനിക്കില്ലെന്നാണ് നരേന്ദ്ര മോദി മറുപടിയായി പറയുന്നത്. നാളെ രാത്രി ഒൻപതിനാണ് പരിപാടിയുടെ സംപ്രേഷണം.