gayle

ആന്റിഗ്വ: ഇന്ത്യയ്ക്കെതിരായ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട ടെസ്റ്ര് പരമ്പരയ്‌ക്കുള്ള വെസ്റ്രിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയാണ് വെസ്‌റ്റിൻഡീസ് ക്രിക്കറ്റ് ബോർ‌ഡ് പതിമ്മൂന്നംഗ ടീമിനെ പ്രഖ്യാപിച്ചത്. നേരത്തേ ലോകകപ്പോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഗെയ്ൽ പിന്നീട് തീരുമാനം ഇന്ത്യയുടെ വിൻഡീസ് പര്യടനം വരെ നീട്ടുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ നാട്ടിൽ നടക്കുന്ന ഒരുടെസ്റ്രിലെങ്കിലും കളിച്ച ശേഷം വിരമിക്കാനാണ് തൻ ആഗ്രഹിക്കുന്നതെന്ന് മുപ്പത്തൊമ്പതുകാരനായ ഗെയ്ൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ഗെയ്ലിന്റെ ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാർക്കിലാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം നടക്കുന്നത്. എന്നാൽ വികാരങ്ങൾ മാറ്റിവച്ച് ഗെയ്‌ലിന് അവസരം നൽകേണ്ടതില്ലെന്ന തീരുമാനമാണ് സെലക്‌ടർമാർ കൈക്കൊണ്ടത്. ജേസൺ ഹോൾഡർ നായകനായ ടീമിൽ 26 കാരനായ ഓഫ് സ്പിന്നർ റഖിം കോൺവാളാണ് പുതുമുഖം വിൻഡീസ് എ ടീമിനായി പുറത്തെടുത്ത പ്രകടനമാണ് കോൺവാളിന് തുണയായത്.

ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിലെ ആദ്യ മത്സരത്തിന് ഈ മാസം 22ന് ആന്റിഗ്വയിൽ തുടക്കമാകും.

ടീം: ഹോൾഡർ,​ ക്രെയിഗ് ബ്രാത്ത്‌വെയ്റ്ര്,​ ഡാരൻ ബ്രോവോ,​ബ്രൂക്സ്,​ കാംബെൽ,​ ചേസ്,​ കോൺവാൾ,​ഡോർവിച്ച്,​ ഗബ്രിയേൽ,​ ഹെറ്റ്മേയർ,​ ഹോപ്പ്,​ പോൾ,​ റോച്ച്.