തമിഴ് ചിത്രം പേരൻപിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കാതിരുന്നതിനെ ചൊല്ലി ജൂറിക്കെതിരേ കടുത്ത വിമർശനമാണ് ആരാധകരിൽ നിന്ന് ഉയർന്നത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയർമാൻ രാഹുൽ റവൈൽ നൽകിയ മറുപടിയ്ക്കെതിരെയും വിമർശനം ഉയർന്നിരുന്നു.
തുടർന്ന് മമ്മൂട്ടിക്ക് എന്തുകൊണ്ട് അവാർഡ് കിട്ടിയില്ല എന്ന് വ്യക്തമാക്കി മമ്മൂട്ടിക്ക് താൻ അയച്ച സന്ദേശം സോഷ്യൽ മീഡിയയിൽ രാഹുൽ റവൈൽ പോസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടി ആരാധകരുടെ രോഷം തനിക്കെതിരെ നീണ്ടതാണ് ഈ പോസ്റ്റിടാൻ തന്നെ നിർബന്ധിതനാക്കിയതെന്ന് രാഹുല്‍ റവൈൽകുറിച്ചു. തുടർന്ന് ഇതിന് മമ്മൂട്ടി മറുപടി അയച്ചതായും രാഹുൽ റവൈൽ ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇപ്പോൾ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിവില്ലെന്നും ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞുവെന്നാണ് റവൈൽ പോസ്റ്റ് ചെയ്തിരുന്നത്.
എന്നാൽ പേരൻപുമായി ബന്ധപ്പെട്ട പോസ്റ്റുകൾ രാഹുൽ റവൈലിന്റെ പേജിൽ നിന്ന് ഇപ്പോൾ അ പ്രത്യക്ഷമായിരിക്കുകയാണ്. ഈ രണ്ടു പോസ്റ്റുകൾക്കെതിരേയും കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടിരുന്നത്. മോഹൻലാൽ -മമ്മൂട്ടി ആരാധകർ തമ്മിലുള്ള യുദ്ധവും അരങ്ങേറിയിരുന്നു. രാഹുൽ റവൈലിന്റെ പോസ്റ്റുകൾക്ക് താഴെ ആയിരക്കണക്കിന് കമന്റുകളാണ് വന്നിരുന്നത്. എന്നിട്ടും രോഷം തീരാതെ, രാഹുൽ റവൈലിന്റെ മുൻകാല പോസ്റ്റുകൾക്ക് താഴെയും പലരും കമന്റു ചെയ്യുകയാണ്.