തൊടുപുഴ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇടുക്കി ജില്ലയിൽ നേരിയ കുറവ്. ജില്ലയിൽ ഇന്നലെ 48.372 മില്ലിമീറ്റർ മഴ പെയ്തു. തൊടുപുഴ കുടയത്തൂർ മുതിയന്മലയിലുണ്ടായ മണ്ണിടിച്ചിലിൽ റോഡ് 100 മീറ്ററോളം ഒലിച്ചുപോയി. രാവിലെ എട്ടരയോടെയുണ്ടായ മണ്ണിടിച്ചിലിൽ നിന്ന് മൂന്ന് കുടുംബങ്ങൾ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മൂന്നാറിൽ കത്തിപ്പാറ- ലിങ്ക് റോഡിൽ ഭീമൻ പാറകല്ല് വീണ് ഗതാഗതം മുടങ്ങി. അടിമാലി- കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി- പനംകുട്ടി ഭാഗത്ത് വിള്ളലുണ്ടായി. കഴിഞ്ഞ പ്രളയത്തിൽ റോഡ് ഒലിച്ചുപോയ ഭാഗമാണിത്. പെരിയാർവാലിയിൽ കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചുപോയ പാലങ്ങൾ പകരം താത്കാലികമായി നിർമ്മിച്ച മൂന്ന് പാലങ്ങൾ ഒലിച്ചുപോയി. കുമളി അട്ടപ്പള്ളത്തുണ്ടായ ഉരുൾപൊട്ടലിൽ അരയേക്കറോളം കൃഷി സ്ഥലം ഒലിച്ചുപോയി. മരംവീണും മണ്ണിടിഞ്ഞും തടസപ്പെട്ട ഹൈറേഞ്ചിലെ പല റോഡുകളിലെയും ഗതാഗതം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇന്നലെ മാത്രം ഒമ്പത് വീടുകൾ പൂർണമായും 39 വീടുകൾ ഭാഗികമായും തകർന്നു. കാലവർഷക്കെടുതിയിൽ ഇതുവരെ ജില്ലയിൽ അഞ്ച് പേരാണ് മരിച്ചത്. ആകെ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 74 കിലോമീറ്ററോളം റോഡുകൾ തകർന്നു. ജില്ലയിലാകെ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 1106 പേർ കഴിയുന്നുണ്ട്.