ഹൈദരാബാദ്: ഹൈദരാബാദ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ സൗരഭ് വർമയും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യവും ഫൈനലിൽ കടന്നു. സെമിയിൽ മലേഷ്യയുടെ ഇസ്‌കന്ദർ സുൾക്കർനൈനെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് പുരുഷ സിംഗിൾസിൽ സൗരഭ് കലാശക്കളിക്ക് യോഗ്യത നേടിയത്. വാശിയേറിയ പോരാട്ടത്തിൽ 23-21, 21-16നായിരുന്നു സൗരഭിന്റെ വിജയം. സിംഗപ്പൂരിന്റെ ലോ കിയാൻ യൂ ആണ് ഫൈനലിൽ സൗരഭിന്റെ എതിരാളി. ഇന്നുച്ചയ്ക്കാണ് ഫൈനൽ മത്സരം.
വനിതാ ഡബിൾസ് സെമിയിൽ ടോപ് സീഡ് അശ്വനി-സിക്കി സഖ്യം ഹോങ്കോംഗ് ജോഡി ഫാൻ കാ യാൻ -വു യി ടിംഗ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ 21-12, 21-12ന് അനായാസം മറികടന്നാണ് ഫൈനലുറപ്പിച്ചത്. കൊറിയൻ ജോഡി അകേൻ അരാകി - റികോ ഇമായി സഖ്യമാണ് ഇന്നുച്ചയ്ക്ക് നടക്കുന്ന ഫൈനലിൽ അശ്വനിയുടെയും സിക്കിയുടെയും എതിരാളികൾ.