തിരുവനന്തപുരം: മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലുമായി ചെളിക്കൂമ്പാരത്തിൽ ആണ്ടുപോയ 67 പേരെ പുറത്തെടുക്കാൻ ശേഷിക്കേ, ഉരുൾപൊട്ടലിലും പേമാരിയിലും ജീവൻ പൊലിഞ്ഞ 13 പേരുടെ ശരീരങ്ങൾ ഇന്നലെ കണ്ടെത്തി. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 57 ആയി. കവളപ്പാറയിൽ ഇരുപത് കുട്ടികളടക്കം 58 പേരെയും പുത്തുമലയിൽ 9 പേരെയുമാണ് കണ്ടെത്താനുള്ളത്.
കരസേനാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിക്കും. അതേസമയം, മലപ്പുറം കോട്ടക്കുന്നിൽ വ്യാഴാഴ്ച മണ്ണിനടിയിലാണ്ട ഒന്നര വയസുകാരനടക്കം മൂന്നുപേരെ ഇന്നലെയും കണ്ടെത്താനായില്ല.
കടുത്ത മൂടൽമഞ്ഞിനൊപ്പം വെള്ളം കുത്തിയൊലിച്ചെത്തുക കൂടി ചെയ്തതോടെ കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടിയെന്ന സംശയം പരന്നത് ഇന്നലെ ആശങ്കയ്ക്കിടയാക്കി. എന്നാൽ ഉരുൾപൊട്ടിയില്ലെന്നും വൈകിട്ട് ആറു വരെ രക്ഷാപ്രവർത്തനം നടന്നതായും മലപ്പുറം എസ്.പി യു. അബ്ദുൾ കരീം പറഞ്ഞു.
കവളപ്പാറയിലും പുത്തുമലയിലും ഒമ്പത് മൃതദേഹങ്ങൾ വീതമാണ് ഏറെ ദുഷ്കരമായ തെരച്ചിലിൽ ഇതുവരെ കണ്ടെത്തിയത്. കവളപ്പാറയിൽ 63 പേരെ കാണാതായെന്ന് ജില്ലാഭരണകൂടം സ്ഥിരീകരിച്ചു. പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിയ മുന്നൂറോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലാക്കി.
എട്ടു ജില്ലകളിലായി 80 സ്ഥലങ്ങളിലാണ് മൂന്നു ദിവസത്തിനിടെ ഉരുൾപൊട്ടിയത്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. പുഴകളെല്ലാം കരകവിഞ്ഞൊഴുകുന്നു. പാലം ഒലിച്ചുപോയതിനെത്തുടർന്ന് മലപ്പുറം മുണ്ടേലിയിൽ ഇരുന്നൂറോളം കുടുംബങ്ങളും ഫോറസ്റ്റ് ജീവനക്കാരും കുടുങ്ങി.
സംസ്ഥാനത്താകെ 1221 ക്യാമ്പുകളിലായി 40,967കുടുംബങ്ങളിലെ 1,45,928 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വയനാട് ജില്ലയിൽ മാത്രം 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കോഴിക്കോട്ട് പന്ത്രണ്ടും വയനാട്ടിലും മലപ്പുറത്തും പതിനൊന്ന് വീതവും കണ്ണൂരിൽ അഞ്ചും തൃശൂരിൽ മൂന്നും പേരാണ് പേമാരി ആരംഭിച്ച ശേഷം മരിച്ചത്.
196 വീടുകൾ പൂർണമായും 2234വീടുകൾ ഭാഗികമായും തകർന്നു.
ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടുമുണ്ട്. കോഴിക്കോട് നഗരത്തിലെ നല്ലളം പ്രദേശം വെള്ളത്തിലാണ്.
വയനാട് ബാണാസുരസാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഇന്നലെ 10 സെന്റീമീറ്റർ തുറന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ മിക്കതും മുങ്ങി. ഡാം തുറന്നത് സ്ഥിതി കൂടുതൽ വഷളാക്കും. അരുവിക്കര ഡാമിന്റെ ഒരു ഷട്ടർ 80സെന്റിമീറ്റർ തുറന്നു. കാസർകോട് കൊറക്കോട് വെള്ളംകയറിയ 7വീടുകളിലുള്ള 30പേരെ രക്ഷപെടുത്തി. കോഴിക്കോട് പുതിയാപ്പയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ടു ബോട്ടുകൾ തിരികെയെത്തിയില്ല. പയ്യന്നൂരിൽ പുഴകൾ കരകവിഞ്ഞൊഴുകി ആയിരത്തോളം വീടുകൾ വെള്ളത്തിലായി. വാണിയംപുഴ തൂക്കുപാലം, ഇരുട്ടുകുത്തി പാലം എന്നിവ തകർന്ന് പോത്തുകല്ല് മുണ്ടേരി വനത്തിനുള്ളിൽ ഒറ്റപ്പെട്ട ആദിവാസി കോളനികളിൽ രക്ഷയ്ക്ക് സൈന്യമെത്തി.
പമ്പാനദി കരകവിഞ്ഞ് മൂന്ന് ദിവസമായി ഒറ്റപ്പെട്ടുകിടക്കുന്ന കമ്പൻമൂഴിയിൽ ദേശീയ ദുരന്തനിവാരണ സേന ഭക്ഷണസാധനങ്ങൾ എത്തിച്ചു. അട്ടപ്പാടി അഗളിയിലെ തുരുത്തിൽ കുടുങ്ങിയ 8 മാസമായ ഗർഭിണിയെയും 11മാസം പ്രായമയ കുഞ്ഞിനെയും അഗ്‌നിശമന സേന രക്ഷിച്ചു. ജലനിരപ്പ് ഉയരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സൈന്യത്തെ ചെങ്ങന്നൂരിൽ വിന്യസിച്ചു.
18ട്രെയിനുകൾ റദ്ദാക്കി
ഷൊർണൂർ വഴിയുള്ള 18 ട്രെയിനുകൾ ഇന്നലെ റദ്ദാക്കി. കേരള എക്സ്‌പ്രസ് തിരുനെൽവേലി വഴി തിരിച്ചുവിട്ടു. കുറ്റ്യാടി വഴി റോഡ് ഗതാഗതം നിരോധിച്ചു. ചെങ്കോട്ട- പുനലൂർ പാതയിൽ തിങ്കളാഴ്ച വരെ ട്രെയിൻ സർവീസ് നിറുത്തി.
നെടുമ്പാശേരി ഇന്ന് തുറക്കും
നെടുമ്പാശേരി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12ന് തുറക്കും. ഇൻഡിഗോ എയർലൈൻസിന്റെ സർവീസുകളാണ് ആദ്യം തുടങ്ങുക .വിമാനത്താവളത്തിൽ കുടുങ്ങിയ 8 വിമാനങ്ങളിൽ 6 എണ്ണം തിരികെ കൊണ്ടു പോയി. നെടുമ്പാശേരിയിലിറങ്ങേണ്ട 25 വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തി.