ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിന്റെ പുതിയ സീസണ് ഗോൾ മഴയോടെ തകർപ്പൻ തുടക്കം. സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ റണ്ണറപ്പുകളായ ലിവർപൂൾ നോർവിച്ച് സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തിയപ്പോൾ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്രി തങ്ങളുടെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്രഡിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തരിപ്പണമാക്കി തുടക്കം ഗംഭീരമാക്കി. സിറ്റിയുടെ വമ്പൻ വിജയത്തിൽ മൂന്ന് ഗോളുമായി പ്രധാന പങ്കുവഹിച്ച റഹിം സ്റ്റർലിംഗ് സീസണിലെ ആദ്യ ഹാട്രിക്കിന് ഉടമയായി.
സൂപ്പർ സിറ്റി
തുടർച്ചയായ മൂന്നാം പ്രിമിയർ ലീഗ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി ഗോൾ മഴയിൽ വെസ്റ്റ് ഹാമിനെ മുക്കുകയായിരുന്നു.വെസ്റ്റ്ഹാമിന്റെ തട്ടകമായ ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റഹിം സ്റ്രെർലിംഗിന്റെ ഹാട്രിക്കിന്റെ പിൻബലത്തിലാണ് സിറ്രി തകർപ്പൻ ജയം സ്വന്തമാക്കിയത്. സ്റ്റെർലിംഗിനെക്കൂടാതെ ഗബ്രിയേൽ ജീസസ്, സെർജിയോ അഗ്യൂറോ (പെനാൽറ്രി) എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിലാണ് സ്റ്റെർലിംഗിന്റഹാട്രിക്ക് പിറന്നത്. കെയ്ൽ വാക്കറുടെ തകർപ്പൻ ക്രോസ് ഗോൾ പോസ്റ്രിലെത്തിച്ച് ജീസസാണ് സിറ്രിയുടെ ഗോൾ അക്കൗണ്ട് തുറന്നത്.
51 -ാംമിനിറ്റിൽ കെവിൻ ഡി ബ്രൂയിനെയുടെ തകർപ്പൻ അസിസ്റ്റിൽ നിന്ന് സ്റ്റെർലിംഗ് സിറ്റിയുടെ ലീഡ് രണ്ടായി ഉയർത്തി. തൊട്ടു പിന്നാലെ ജീസസ് സിറ്റിയുടെ വല വീണ്ടും കുലുക്കിയെങ്കിലും റഫറി വാറിന്റെ സഹായത്തോടെ ഓഫ് സൈഡ് വിധിക്കുകയായിരുന്നു. വാറിന്റെ തീരുമാനത്തിലൂടെ ഗോൾ നിഷേധിക്കുന്ന ആദ്യത്തെ സംഭവമായി ഇത്. 75-ാം മിനിറ്റിൽ മെഹ്രസിന്റെ അസിസ്റ്റിൽ നിന്ന് സ്റ്റെർലിംഗ് വീണ്ടും സിറ്രിയുടെ ലീഡ് ഉയർത്തി.
84-ം-ാം മിനിറ്രിൽ റിയാദ് മെഹ്രസിനെ വെസ്റ്ര് ഹാമിന്റെ ഇസ്സ ഡിയോപ് ബോക്സിൽ വച്ച് ഫൗൾ ചെയ്തതിന് റഫറി മൈക്ക് ഡീൻ സിറ്രിക്ക് അനുകൂലമായി പെനാൽറ്രി വിധിക്കുകയായിരുന്നു. കിക്കെടുത്ത ജീസസിന് പകരക്കാരനായി കളത്തിലെത്തിയ അഗ്യൂറോ പന്ത് കൃത്യമായി വലയിൽ എത്തിച്ചു. കളി അവസാനിക്കാൻ സെക്കന്റുകൾ ശേഷിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് സ്റ്രെർലിംഗ് സിറ്രിയുടെ ഗോൾ പട്ടികയും തന്റെ ഹാട്രിക്കും പൂർത്തിയാക്കുകയായിരുന്നു.
ലിവറേ കരളേ
സീസണിലെ ആദ്യ മത്സരത്തിൽ സ്വന്തം തട്ടകമായ ആൻഫീൽഡിൽ മികച്ച പ്രകടനമാണ് ലിവർപൂൾ പുറത്തെടുത്തത്. പ്രീസീസൺ മത്സരങ്ങളിലെ തിരിച്ചടികൾ കാര്യമാക്കേണ്ടെന്ന സന്ദേശം നൽകുന്ന പ്രകടനമായിരുന്നു നോർവിച്ചിനെതിരെ ലിവർപൂളിന്റേത്. നോർവിച്ച് താരം ഗ്രാന്റ് ഹോൻലിയുടെ സെൽഫ് ഗോളിലൂടെയാണ് 7-ാം മിനിറ്റിൽ ലിവർപൂൾ അക്കൗണ്ട് തുറന്നത്. തുടർന്ന് മുഹമ്മദ് സല, വിർജിൽ വാൻ ഡിജ്ക്, ഡിവോക്ക് ഒറിഗി എന്നിവർ ലിവറിനായി ലക്ഷ്യം കണ്ടു. ലീവറിന്റെ അക്കൗണ്ടിൽ വീണ എല്ലാ ഗോളും ആദ്യ പകുതിയിലായിരുന്നു. ടീമു പുക്കി 64-ാം മിനിറ്റിൽ നോർവിച്ചിന്റെ ആശ്വാസ ഗോൾ നേടി.