കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് മനുഷ്യജീവനുകൾ രക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്‌നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്‌നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നഷ്ടപ്പെട്ട ജീവൻ ആരു വിചാരിച്ചാലും തിരിച്ചുനൽകാനാവില്ല. മറ്റു ഭൗതികവസ്തുക്കളുടെ നഷ്ടങ്ങളെല്ലാം നാം ഒത്തൊരുമിച്ചാൽ പരിഹരിക്കാനാവുന്നതാണ്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകൾക്കും ശ്രമങ്ങൾക്കുമാണ് നാം മുൻഗണന നല്‍കേണ്ടത്.
പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവർ ക്യാമ്പുകളിൽ എത്തിക്കഴിഞ്ഞാൽ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ക്യാമ്പുകൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ എല്ലാ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്‌നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്‌നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുത്.
ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും രക്ഷാപ്രവർത്തനങ്ങളിൽ ഈ രംഗത്ത് അനുഭവ സമ്പത്തുള്ളവരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചു ഭാഗഭാക്കാവാനും മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ചുകൊണ്ട് കഴിയേണ്ടതുണ്ട്.