പോർട്ട് ഒഫ് സ്പെയിൻ: ഇന്ത്യയും വെസ്റ്രിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് പോർട്ട് ഒഫ് സ്പെയിനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 7 മുതലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് ഏകദിനപരമ്പരയിൽ ഉള്ളത്. ട്വന്റി-20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിനത്തിലും മികവുകാട്ടാമെന്ന പ്രതീക്ഷയിലാണ്. അതേ സമയം ഏകദിന പരമ്പര സ്വന്തമാക്കി തിരിച്ചടിക്കാമെന്ന പ്രതീക്ഷിയിലാണ് വിൻഡീസ്.
ഇന്ത്യൻ ടീമിൽ തലവേദനയായി തുടരുന്ന നാലാം നമ്പറിൽ ശ്രേയസ് അയ്യറെ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യയെന്നാണ് റിപ്പോർട്ടുകൾ. ഏകദിനത്തിലെ ആദ്യ മത്സരത്തിൽ ശ്രേയസ് ടീമിലുണ്ടായിരുന്നെങ്കിലും മഴമൂലം മത്സരം ഉപേക്ഷിച്ചത് തിരിച്ചടിയായി. ഇന്ത്യ എ ടീമിനൊപ്പമുള്ള പ്രകടനം ശ്രേയസിന് മുതൽക്കൂട്ടാണ്. ശ്രേയസ് നാലാം നമ്പറിൽ ഇറങ്ങിയാൽ രാഹുൽ പുറത്തിരിക്കേണ്ടി വരും.അല്ലെങ്കിൽ അദ്ദേഹം ഓപ്പണിംഗിലേക്ക് മാറേണ്ടി വരും. ലോകകപ്പിൽ ധവാന് പരിക്കേറ്റപ്പോൾ ഓപ്പണിംഗിൽ രാഹുലിനെയാണ് പരീക്ഷിച്ചത്. ഓപ്പണിംഗിൽ നല്ല ബാക്ക് അപ്പാണ് രാഹുൽ. മോശം ഫോമിൽ തുടരുന്ന കേദാർ ജാദവിനും ഈ പരമ്പര നിർണായകമാണ്. ഭുവനേശ്വറിന് വിശ്രമം അനുവദിച്ച് നവദീപ് സെയ്‌നി കളത്തിലിറങ്ങിയേക്കും.
ഈ പരമ്പരയോടെ വിരമിക്കുന്ന വിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ മുന്നൂറാമത്തെ ഏകദിനമാണിത്.
300 -ാം ഏകദിന മത്സരത്തിനാണ് ഗെയ്‌ൽ ഇറങ്ങുന്നത്
ഏകദിനത്തിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ വിൻഡീസ് താരമെന്ന ലാറയുടെ റെക്കാഡ് മറികടക്കാൻ ഗെയ്‌ലിന് 9 റൺസ് കൂടി മതി.
ഇവിടെ അവസാനം നടന്ന അഞ്ച് ഏകദിനങ്ങളിൽ നാലും മഴ തടസപ്പെടുത്തി. ഇപ്പോൾ ഇവിടെ തെളിഞ്ഞ കാലാവസ്ഥയാണ്.