തിരുവനന്തപുരം: കേരളം മുഴുവൻ കാലവർഷക്കെടുതിയിൽ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സഹായവുമായി നടൻ ടൊവിനോ തോമസ്. കഴിഞ്ഞ പ്രളയകാലത്ത് പറഞ്ഞതുപോലെ തന്റെ വീട് സുരക്ഷിതമാണെന്നും ഇങ്ങോട്ട് വരാമെന്നും ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു. ദുരുപയോഗം ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനങ്ങളിൽ ടോവിനോ സജീവമായി രംഗത്തുണ്ടായിരുന്നു.
'എന്റെ വീട്ടിലേക്ക് പോരൂ എന്ന സന്ദേശം കാത്തുനിൽക്കാതെ വെള്ളം കയറാത്ത ഏത് വീട് കണ്ടാലും കയറിക്കൊള്ളൂ, മനുഷ്യരാരും നിങ്ങളെ ഇറക്കിവിടില്ല' എന്നെഴുതിയ ചിത്രത്തിനൊപ്പമാണ് ടൊവിനോയുടെ കുറിപ്പ്. നമുക്ക് ഒന്നിച്ച് അതിജീവിക്കാം എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പമുണ്ട്. അതേസമയം കേരളത്തിൽ കാലവർഷക്കെടുതിയിൽ പെട്ടവരുടെ മരണസംഖ്യ 57 ആയി.വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ1,318 ദുരിതാശ്വാസ ക്യാമ്പുകളാണ് തുടങ്ങിയത്. 46,400 കുടുംബങ്ങളിൽപ്പെട്ട 1,65,519 പേർ ഈ ക്യാമ്പുകളിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു