തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഉണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലുമായി 57 പേർ മരിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നുമണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 1,318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിൽനിന്നുള്ള 1,65,519 പേർ ഉള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 57 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 196 വീടുകൾ പൂർണമായും 2234 വീടുകൾ ഭാഗികമായും തകർന്നു.
ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ കോഴിക്കോട് ജില്ലയിലാണ്, 287. ഇവിടെ 11055 കുടുംബങ്ങളിലെ 37409 പേരാണ് കഴിയുന്നത്. വയനാട്ടിൽ 197 ക്യാമ്പുകളിലായി 32276 പേർ കഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ 12 ഉം വയനാട് 10 ഉം മരണം റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന എമർജന്‍സി ഓപ്പറേഷൻസ് സെന്ററിലെത്തി വിലയിരുത്തി. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനങ്ങൾ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസും വിശദീകരിച്ചു. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രനും യോഗത്തിൽ സംബന്ധിച്ചു.
അതേസമയം വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അവിടെ മണിക്കൂറിൽ 204 എം.എമ്മിൽ കൂടുതൽ മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആഗസ്റ്റ് 11ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലും ആഗസ്റ്റ് 12ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ആഗസ്റ്റ് 14ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.