തിരുവനന്തപുരം:ഒരാഴ്‌ചയിൽ പെയ്യേണ്ട മഴ രണ്ടുദിവസത്തിനുള്ളിൽ പെയ്‌തതാണ് നാട്ടിലെങ്ങും പ്രളയമുണ്ടാക്കിയതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറഞ്ഞു. മൺസൂൺ തുടങ്ങിയ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 7 വരെ 1072 മില്ലിമീറ്റർ മഴയാണ് പെയ്‌തത്. ഇത് പതിവായി കിട്ടേണ്ട മഴയുടെ 27 ശതമാനം കുറവാണ്.
രണ്ട് ദിവസം 300 മില്ലിമീറ്ററിലേറെ മഴ പെയ്‌തു. ഇത്രയധികം മഴ ചെറിയ സമയത്തിനകം ഉണ്ടായതാണ് ഭൂമിയിൽ നിന്ന് വെള്ളം ഒഴിഞ്ഞുപോകാത്തതിനും വ്യാപകമായ ഉരുൾപൊട്ടലിനും ഇടയാക്കിയത്. രണ്ടുദിവസത്തിൽ എൺപതിലേറെ ഉരുൾപൊട്ടലുകളുണ്ടായി. ഇതാണ് വ്യാപകമായ കൃഷിനാശവും ആൾനാശവും വീടും മറ്റ് വസ്തുവകകളും നഷ്ടമാകാനും റോഡുകളെല്ലാം വെളളത്തിലാകാനും ഇടയാക്കിയത്.
ശീതമേഘങ്ങളും കാറ്റും
ചെെനീസ് തീരത്തേക്കുള്ള സോമാലി ജെറ്റ് സ്ട്രീമിലുണ്ടായ മാറ്റങ്ങൾ മൂലം പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽ നിന്ന് ഉൽഭവിച്ച് തെക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിയ ശീതമേഘങ്ങളും കാറ്റുമാണ് സംസ്ഥാനത്ത് കൊടും മഴയ്ക്ക് വഴിവച്ചതെന്നാണ് നിഗമനം. കട്ടിയേറിയ മഴമേഘങ്ങൾ മൂലമാണ് കൂടുതൽ വെളളം നിറഞ്ഞ മഴയുണ്ടായത്. മേഘവിസ്ഫോടന പ്രതിഭാസത്തിന് സമാനമായ മഴയാണ് വടക്കൻ ജില്ലകളിലുണ്ടായത്. പെയ്യുന്ന മഴ നദികളിൽ ഒതുങ്ങാതെയും മണ്ണിലേക്ക് ഇറങ്ങാതെയും കെട്ടിക്കിടന്ന് പ്രളയമുണ്ടാക്കി.
രണ്ടുദിവസം പെയ്തത് 300 മില്ലിമീറ്ററിലേറെ കോഴിക്കോട് വടകരയിൽ 296 എം.എം പാലക്കാട് ഒറ്റപ്പാലത്ത് 286.2 എം.എം വയനാട് വൈത്തിരിയിൽ 210 എം.എം.