kerala-flood-

തിരുവനന്തപുരം: കനത്ത പേമാരിയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ദുരിതം വിതച്ച് സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യവസ്തുക്കളുടെ ദൗർലഭ്യമുണ്ടെന്നും സഹായം എത്തിക്കണമെന്നും വോളണ്ടിയർമാർ സോഷ്യൽ മീഡിയ വഴി ഉൾപ്പെടെ അഭ്യർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതകാലമത്രയും സമ്പാദിച്ച സർവതും നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിപോലും ഇല്ലാതെ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയാണ് ആഹാരം പോലുമില്ലാതെ ക്യാമ്പുകളിൽ കഴിയുന്നത്.

എന്നാൽ അതിനിടെ ദുരിതബാധിതരെ സഹായിക്കരുതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്നുള്ള പ്രചരണവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്നും അത് അർഹർക്ക് കിട്ടില്ലെന്നുമുള്ള കുറിപ്പുകള്‍ പ്രചരിക്കുന്നത്. ഇതിനെതിരെ ഡോ. നെൽസണ്‍ ജോസഫ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് ശ്രദ്ധേയമാകുകയാണ്. ഒറ്റരാത്രികൊണ്ട് ഒന്നുമില്ലാതായവരോടാണോ നിങ്ങളുടെ യുദ്ധം എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ നെൽസൺ ജോസഫ് ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകിയാൽ അത് എത്തേണ്ടിടത്ത് എത്തില്ല എന്ന് പ്രചരിപ്പിക്കുന്നത് സാമൂഹ്യദ്രോഹമാണെന്ന് അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇങ്ങനെയെഴുതണോയെന്ന് ആലോചിക്കാതിരുന്നതല്ല...പക്ഷേ ഇതിപ്പോൾ എഴുതിയില്ലെങ്കിൽ പിന്നെ എന്ന് എഴുതാനാണ്?

ദുരന്തബാധിതരെ സഹായിക്കരുതെന്നുള്ള സന്ദേശങ്ങൾ പാറിപ്പറക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്നും അത് അർഹർക്ക് കിട്ടില്ലെന്നുമുള്ള കുറിപ്പുകളും ഒഴുകുന്നുണ്ട്..

ഒന്ന് ചോദിച്ചോട്ടേ?
എന്തുതരം മനുഷ്യരാണ് നിങ്ങൾ?

ഒരു രാത്രികൊണ്ട് ഒന്നുമില്ലാത്തവരായവരോടാണോ നിങ്ങളുടെ യുദ്ധം?

ഹൃദയത്തിൻ്റെ ഏതെങ്കിലുമൊരു കോണിൽ ഒരിറ്റ് മനുഷ്യത്വമെങ്കിലും അവശേഷിച്ചിട്ടുള്ളവരുടെ കണ്ണ് നിറയ്ക്കുന്ന കാഴ്ചകളാണ് എങ്ങും. ഒരു രാത്രികൊണ്ട് ഒരു പ്രദേശം ഇല്ലാതായ കുറിപ്പ് വായിച്ചതിൽപ്പിന്നെയുള്ള നെഞ്ചിലെ ഭാരം എവിടെയിറക്കിവയ്ക്കുമെന്നറിയില്ല...

ഒരു നിമിഷം ആ മനുഷ്യരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയാലുണ്ടാവുന്ന ശ്വാസം മുട്ടൽ പറഞ്ഞറിയിക്കാനാവില്ല..

അവർക്കാണ്, എവിടെയോ ഇരുന്ന് കറൻ്റും വെള്ളവും മൃഷ്ടാന്ന ഭോജനവുമൊക്കെയുള്ളിടത്തിരുന്ന്, ഇൻ്റർനെറ്റുപയോഗിച്ച്, ഇതൊന്നുമില്ലാത്തവർക്ക് ഒന്നും നൽകരുതെന്ന് വിളിച്ചുപറയുന്നത്...

പറയൂ, എന്തുതരം മനുഷ്യരാണ് നിങ്ങൾ?

അതിനിടെ ക്യാമ്പുകളിലേക്കുള്ള കളക്ഷൻ സെൻ്ററുകളിൽ ആവശ്യത്തിനു സാധനങ്ങൾ എത്തുന്നില്ലെന്ന കുറിപ്പുകൾ ഒരു പതിനഞ്ചെണ്ണമെങ്കിലും മുന്നിലൂടെ കടന്നുപോയിട്ടുണ്ട്..അഭിനന്ദനങ്ങൾ, നിങ്ങളുടെ ശ്രമം വിജയിക്കുന്നുണ്ട്...

സർക്കാരിനെ നിശിതമായിത്തന്നെ വിമർശിച്ചിട്ടുള്ള ഒരാളാണ് ഞാൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള വരവു ചിലവ് കണക്കുകൾ അണ പൈ വ്യത്യാസമില്ലാതെ കഴിഞ്ഞ പ്രളയം തൊട്ടുള്ളത് പിന്തുടർന്നിട്ടുമുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കഴിഞ്ഞ ദുരന്തകാലത്ത് വന്ന പണത്തിൻ്റെയും ചിലവാക്കിയ പണത്തിൻ്റെയും കണക്കുകൾ ജില്ല തിരിച്ച് എത്ര വീടുകൾ, എത്ര ആവശ്യമുണ്ടായിരുന്നു, എത്ര നൽകി എന്നത് ലഭ്യമാണ്.

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയാണ് അത് ചെലവഴിക്കുന്നത്. മറിച്ചുള്ള പ്രചാരണം നുണയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകിയാൽ അത് എത്തേണ്ടിടത്ത് എത്തില്ല എന്ന് പ്രചരിപ്പിക്കുന്നത് സാമൂഹ്യദ്രോഹമാണ്.

10/08/2019 പന്ത്രണ്ട് മണിവരെയുള്ള കണക്കനുസരിച്ച് 14 ജില്ലകളിലായി 1111 ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. അവയിൽ

34,386 കുടുംബങ്ങളുണ്ട്
ഒരുലക്ഷത്തി ഇരുപത്തിനാലായിരത്തി നാനൂറ്റിയറുപത്തിനാല് മനുഷ്യരുണ്ട്
രണ്ടായിരത്തിയഞ്ഞൂറോളം വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്
ഇരുന്നൂറിനടുത്ത് വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്.

എടോ, രണ്ട് നേരം വയറുനിറച്ച് ഉണ്ണാനും ഉടുക്കാനും കിടന്നുറങ്ങാനുമുള്ളവർ പോലും അവരെക്കാൾ ധനികരാണെടോ..അവർക്ക് ഏറ്റവും പെട്ടെന്ന് പതിവ് സർക്കാർ നൂലാമാലകളില്ലാതെ പണം ലഭിക്കാൻ ഏറ്റവും വിശ്വസ്തമായ മാർഗം ഇപ്പൊഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിതന്നെയാണ്.

പ്രചരിക്കുന്ന സന്ദേശങ്ങളുടെ ആകെത്തുക ചുരുക്കിപ്പറഞ്ഞാൽ " ഞാൻ കൊടുക്കില്ല, നിങ്ങളെക്കൊണ്ട് കൊടുപ്പിക്കുകയുമില്ല " എന്നാണ്..പിന്തുണയ്ക്കാൻ പതിനായിരങ്ങളുണ്ട് ഇപ്പൊത്തന്നെ..

" ഇത് ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണമാണ്..അദ്ധ്വാനിക്കുന്ന പണത്തിന് വിലയുണ്ട്..."

ഉണ്ട്..എല്ലാവരും സമ്പാദിക്കുന്ന പണത്തിനും വിലയുണ്ട്. എല്ലാവരും കോടീശ്വരന്മാരായിട്ടല്ല പണം നൽകിയത്. അത്താഴപ്പട്ടിണിക്കാരും സ്വന്തം ആവശ്യങ്ങൾ മാറ്റിവച്ചവരുമെല്ലാമുണ്ട് അക്കൂട്ടത്തിൽ...മണലാരണ്യത്തിൽ കിടക്കുന്നവർക്കും മൽസ്യത്തൊഴിലാളിക്കുമെല്ലാം വിയർത്തുതന്നെയാണ് പണം കിട്ടുന്നത്..

ദുരിതാശ്വാസനിധിയിൽ എത്ര രൂപ ലഭിച്ചുവെന്നും എത്ര, എങ്ങനെയെല്ലാം ചിലവാക്കിയെന്നും അണ പൈ തിരിച്ച് കണക്ക് ചോദിക്കാം, ചോദിക്കുകയും ചെയ്യും. മുൻപ് ചോദിച്ചിട്ടുമുണ്ട്. ഇനിയും ചോദിക്കുകതന്നെ ചെയ്യും.

പക്ഷേ ഈയവസ്ഥയിൽ ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള നിർദേശങ്ങൾ വച്ച് സംശയം വളർത്തി ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടവർക്ക് തിരിച്ചുവരവ് അസാദ്ധ്യമാക്കുകയല്ല അതിൻ്റെ മാർഗം

ഈ കുറിപ്പ് എത്രത്തോളം ആളുകളിൽ എത്തുമെന്ന് എനിക്കറിയില്ല.പക്ഷേ എൻ്റെ വാളിലും അങ്ങനെ ചിന്തിക്കുന്നവരുണ്ടെന്ന് കണ്ടപ്പൊ എഴുതണമെന്ന് തോന്നി...

ഡോ.നെൽസൺ ജോസഫ്