gulf-

കരിപ്പൂർ: കനത്ത മഴ കാരണം കൊച്ചി വിമാനത്താവളം അടച്ചതോ​ടെജിദ്ദയിൽ അകപ്പെട്ട യാത്രക്കാരെ സൗദി എയർലൈൻസ്​ പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു. ശനിയാഴ്​ച ഉച്ചയ്ക്ക്​ 2.20നാണ്​ 222 യാത്രക്കാരുമായി സൗദിയ ബി 777-300 ഇ.ആർ വിമാനം എത്തിയത്​. പിന്നീട് 23 യാത്രക്കാരുമായി ഉച്ചയ്ക്ക്​ 3.40ന്​ ജിദ്ദയിലേക്ക്​ മടങ്ങി.

കോഡ്​ ‘ഇ’യിൽ ഉൾപ്പെടുന്ന ഈ വിമാനം റൺവേ നവീകരണ​ ശേഷം ആദ്യമായാണ്​ കരിപ്പൂരി​ൽ ഇറങ്ങുന്നത്​. 413 പേർക്ക്​ സഞ്ചരിക്കാവുന്ന വലിയ വിമാനമാണിത്​.

ശനിയാഴ്​ച ഇൻഡിഗോയും ദോഹയിൽനിന്ന്​ അധിക സർവിസ്​ നടത്തി. ​വൈകീട്ട്​ 5.15ന്​ എത്തിയ വിമാനം ഏഴിന്​ തിരിച്ചു​പോയി. പുലർച്ച മോശം കാലാവസ്ഥയെ തുടർന്ന്​ സ്​പൈസ് ​ജെറ്റി​​ന്റെ ജിദ്ദ വിമാനം കോയമ്പത്തൂരിലേക്കും ഗൾഫ്​ എയർ ബഹ്​റൈൻ വിമാനം ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു. രാവിലെയോടെ തിരിച്ചെത്തിയ വിമാനങ്ങൾ തുടർസർവിസുകൾ നടത്തി. 5.30ന്​ തിരിച്ചുപോകേണ്ട ഗൾഫ്​ എയർ 8.40നാണ്​ മടങ്ങിയത്​. മസ്​കറ്റിൽനിന്നുള്ള എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനം എട്ട്​​ മണിക്കൂർ വൈകി ഉച്ചക്ക്​ 3.35നും തിരുവനന്തപുരം-കോഴിക്കോട്​-ദോഹ വിമാനം നാല്​ മണിക്കൂർ വൈകി 3.04നും കരിപ്പൂരിൽ ഇറങ്ങി.