പ്രളയത്തിൽ മുങ്ങിയ പ്രദേശങ്ങളിലേക്ക് രക്ഷാദൗത്യവുമായി കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങിക്കഴിഞ്ഞു. കൊല്ലം ജില്ലയിൽ നിന്നുള്ള സംഘം പത്തനംതിട്ടയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
വടക്കൻ ജില്ലകളിലും മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. നിലവിൽ വിവിധ ജില്ലകളിലായി 210 ബോട്ടുകളുമായി 547 മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ വർഷം കേരളത്തെ ഉലച്ച പ്രളയത്തിലും രക്ഷകരായത് മത്സ്യത്തൊഴിലാളികളായിരുന്നു സ്വന്തം ജീവനും ജീവിതമാർഗവും പണയപ്പെടുത്തിയാണ് ബോട്ടും വള്ളങ്ങളുമായി അന്നും മത്സ്യതൊഴിലാളികൾ നിരവധി പേരെ ജീവിതത്തിലേക്ക് മടക്കികൊണ്ടുപോന്നത്. മത്സ്യത്തൊഴിലാളികളുടെ ആ ചരിത്രം പുസ്തകമാക്കിയപ്പോൾ മത്സ്യത്തൊഴിലാളികളുടെ വാക്കുകളിലൂടെയാണ് അവരുടെ അനുഭവം വിവരിക്കപ്പെടുന്നത്.
മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ റെജിമോൻ കുട്ടപ്പനാണ് പുസ്തകം രചിച്ചിരിക്കുന്നത്. 'റോവിംഗ് ബിറ്റ്‌വീൻ ദ റൂഫ് ടോപ്സ്' (Rowing Between the Rooftops) എന്ന പുസ്തകത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി തിരിച്ച നിമിഷം മുതൽ മത്സ്യതൊഴിലാളികൾ നേരിട്ട വെല്ലുവിളികളും കേരളം അറിഞ്ഞതും അറിയാതെയും പോയ വാർത്തകളും വായിച്ചറിയാം. തീരദേശ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മുപ്പതോളം ഗ്രൂപ്പുകളിലായി കേരളത്തിന്റെ വിവിധഭാഗത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നൂറിലധികം മത്സ്യതൊഴിലാളികളെ നേരിട്ടുകണ്ട് സംസാരിച്ചാണ് റെജിമോൻ പുസ്തകം തയ്യാറാക്കിയത്.
"പത്രപ്രവർത്തനം എന്ന എന്റെ തൊഴിലിന്റെ ഭാഗമായി തന്നെ തീരദേശപ്രദേശവും, അവിടുത്തെ ആളുകളുമായി അടുപ്പമുണ്ടായിരുന്നു. അവരൊക്കെ പ്രളയകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. പ്രളയസമയത്ത് മത്സ്യതൊഴിലാളികൾ ധീരപ്രവർത്തനങ്ങളെ കുറിച്ച് ഏതാനം സ്റ്റോറികൾ എഴുതിയിരുന്നു. ആദ്യ റസ്ക്യൂ ടീമുകളിൽ ഒന്നായ 'കോസ്റ്റൽ വാരിയേഴ്സ്' അംഗങ്ങൾ പങ്കുവെച്ച അനുഭവങ്ങൾ ഒക്കെ എന്നെ ചിന്തിപ്പിച്ചു. പത്രമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പുറത്തുവന്ന വാർത്തകളല്ലാതെ ആരാലും കാണപ്പെടാതെ പോയ അഭിനന്ദിക്കപ്പെടേണ്ട നിരവധി ധീരകഥകൾ അവർക്ക് പറയാനുണ്ടായിരുന്നു. ഈ കഥകളൊക്കെ എന്നന്നേയ്ക്കുമായി രേഖപ്പെടുത്തി വയ്ക്കേണ്ടതാണെന്നു തോന്നി അങ്ങനെയാണ് ഇങ്ങനൊരു പുസ്തകത്തിന്റെ പിറവി. റെജിമോൻ പറയുന്നു.
ലോകം മുഴുവൻ മത്സ്യതൊഴിലാളികളുടെ ധീരതയെ വാഴ്ത്തുമ്പോൾ ആ ധീരതയുടെ പിന്നിലെ ചരിത്രം കൂടി അന്വേഷിക്കാൻ മറന്നില്ല റെജിമോൻ കുട്ടപ്പൻ. കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ചരിത്രമാണ് പുസ്തകത്തിലെ അവസാന അധ്യായം. ഡോ. ശശി തരൂർ എം.പിയാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്. സ്പീക്കിങ് ടൈഗർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.