gulf

ദുബായ് : യു.എ.ഇയിൽ നാളെയാണ് ബക്രീദ്. പെരുന്നാൾ പ്രമാണിച്ച് നാലുദിവസത്തെ അവധിയുമുണ്ട്. എന്നാൽ നാട്ടിൽ പ്രിയപ്പെട്ടവർ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും പെട്ട് ദുരിതത്തിലായിരിക്കുമ്പോൾ തങ്ങളെങ്ങനെ സന്തോഷിക്കുമെന്നാണ് പ്രവാസി മലയാലികൾ പറയുന്നത്. നാടിന്റെ ദുരിതാവസ്ഥയിൽ ഞങ്ങൾക്കെന്ത് ആഘോഷം?– പ്രവാസി മലയാളികൾ ഒന്നടങ്കം ചോദിക്കുന്നു. കഴിഞ്ഞ വർഷത്തെ പ്രളയം കാരണം ഗൾഫ് മലയാളികൾ ഒാണാഘോഷം ഉപേക്ഷിച്ചിരുന്നു. ചില സംഘടനകൾ ദുരിത കാലം കഴിഞ്ഞാണ് ആഘോഷം നടത്തിയത്.

പ്രളയബാധിത ജില്ലകളിലുള്ള ആയിരക്കണക്കിന് പ്രവാസികളാണ് ഗൾഫ് നാടുകളിലുള്ളത്. നാട്ടിലെ വിവരങ്ങളറിയാൻ പലരും കുടുംബവുമായി നിരന്തപരം ഫോൺവഴി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശരീരം മാത്രമേ ഗൾഫിൽ ഉള്ളൂവെന്നും മനസ് നാട്ടിലെ ജനങ്ങൾക്കൊപ്പമാണുള്ളതെന്നും പ്രവാസി മലയാളികൾ പ്രതികരിച്ചു. വെള്ളം കയറാത്ത പ്രദേശങ്ങളിൽ പുതിയതായി പണിയുന്ന വീടുകളിലേക്ക് അത്യാവശ്യക്കാർക്ക് താമസിക്കാൻ എത്താമെന്ന് നിരവധി പ്രവാസികൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

മുൻവർഷത്തെ പോലെ പ്രളയ ബാധിതരെ സഹായിക്കാൻ പ്രവാസ ലോകത്തെ മലയാളി സാമൂഹിക പ്രവർത്തകർ മുന്നിട്ടിറങ്ങി. യു.എ.ഇയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒട്ടേറെ സാമൂഹിക പ്രവർത്തകർ നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, നാട്ടിലേയ്ക്കു സഹായവും സേവനവും ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ശനി രാത്രി ദുബായിൽ യോഗം കൂടാൻ തീരുമാനിച്ചതായി സാമൂഹിക പ്രവർത്തകൻ നാസർ നന്തി അറിയിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ചേഞ്ച് എ ലൈഫ്, സേവ് എ ലൈഫ് വാട്സ് ആപ്പ് കൂട്ടായ്മയിലും നാട്ടിലേയ്ക്കു സഹായമെത്തിക്കാനുള്ള ചർച്ചകൾ നടന്നുവരുന്നു.

പ്രളയ ബാധിതരെ സഹായിക്കാൻ നാട്ടിലേയ്ക്ക് പോവുകയാണെന്ന് സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രൻ പറഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിയിലാണ് വീട്. അവിടെ വെള്ളപ്പൊക്ക ദുരിതമില്ലെങ്കിലും ആലപ്പുഴ, കുട്ടനാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ചങ്ങനാശ്ശേരിയിൽ നൂറിലേറെ ക്യാംപുകൾ തുറക്കുന്നു. ഇവിടേയ്ക്ക് വേണ്ട സഹായം ചെയ്യുകയാണ് ഉദ്ദേശ്യം. കഴിഞ്ഞ വർഷവും പ്രളയ കാലത്ത് നാട്ടിലുണ്ടായിരുന്നതായും ഏറെ സഹായം ചെയ്യാൻ സാധിച്ചതായും കിരൺ പറഞ്ഞു. നേരത്തെ നാട്ടിലുള്ള പ്രവാസികളും ഇതിനകം സേവനത്തിനിറങ്ങിക്കഴിഞ്ഞു. ‌അടിയന്തരമായി ആവശ്യമുള്ള വസ്തുക്കളുടെ പട്ടിക അതാത് ജില്ലകളിലെ കലക്ടർമാർ പുറത്തിറങ്ങിക്കഴിഞ്ഞു. ഇതനുസരിച്ച് സാധനമെത്തിക്കും