ബോളിവുഡ് സൂപ്പർതാരം ഷാരൂഖ്ഖാന്റെ ബംബയിലെ പ്രശസ്തമായ വീടാണ് മന്നത്. ഷാരൂഖ് ഖാനെ കാണാനെത്തുന്ന ആരാധകരെ വീടിന് മുൻവശത്തെ ബാൽക്കണിയിൽ നിന്നാണ താരം അഭിവാദ്യം ചെയ്യുന്നത് എന്നൊക്കെയുള്ള വാർത്തകൾ പലരും വായിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മന്നത്ത് വീണ്ടും വാർത്തകളിൽ നിറയുന്നത് ഷാരൂഖിന്റെ ഭാര്യ ഗൗരീഖാനിലൂടെയാണ്. വോഗ് ലൈഫ്സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മന്നത്തിന്റെ വിശേഷങ്ങൾ ഗൗരി പങ്കുവച്ചത്.
ഇന്റീരിയർ ഡിസൈനർ എന്ന നിലയ്ക്കുള്ള തന്റെ വളർച്ചയിൽ മന്നത്തിന്റെ പങ്ക് ചെറുതായിരുന്നില്ലെന്നു ഗൗരി പറയുന്നു. മന്നത്തിലെ അകത്തളങ്ങളിൾ ഡിസൈന്‍ ചെയ്തുള്ള തുടക്കമാണ് ഗൗരിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്.
അകത്തളം പൂക്കൾ കൊണ്ടും കൃത്രിമ ചെടികൾ കൊണ്ടും നിറഞ്ഞിരിക്കുന്നത് തീരെ ഇഷ്ടമില്ലാത്തയാളാണ് ഗൗരി. എന്നാൽ വീടിന്റെ മേശകളിലും മുക്കിലും മൂലയിലും വരെ ധാരാളം ഇന്റീരിയർ പ്ലാന്റ്‌സും കാണാം, അവ പോസിറ്റീവ് എനർജി പകരുന്നവയാണെന്നാണ് ഗൗരി പറയുന്നത്. വീട്ടിൽ മനോഹരമായൊരു വെർട്ടിക്കൽ ഗാർഡനും ഗൗരി ഒരുക്കിയിട്ടുണ്ട്.
ഇറ്റാലിയൻ രീതിയിലാണ് വീടിന്റെ നിർമ്മാണം. ആറു നിലകളുള്ള വീട്ടിൽ വിനോദത്തിനായുള്ള ഇടങ്ങളും വിശാലമായ പൂന്തോട്ടവും മട്ടുപ്പാവും ലിഫ്റ്റ് സൗകര്യങ്ങളുമെല്ലാം ഉണ്ട്. ബാലെയോടുള്ള സുഹാനയുടെ ഇഷ്ടം വീട്ടില്‍ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകളിൽ നിന്നും പെയിന്റിങ്ങുകളിൽ നിന്നും വ്യക്തമാണെന്ന് ഗൗരി പറയുന്നു. ആര്യനു പ്രിയപ്പെട്ടതു വാൾപേപ്പറുകളാണെങ്കിൽ അബ്‌റാമിനിഷ്ടം ഒരു തലയിണയാണ്. വലിയ ഛായചിത്രങ്ങളും ഗണപതിയുടെ ശില്‍പവും രാധാകൃഷ്ണ പ്രതിമയുമൊക്കെയാണ് ഗൗരിക്കു പ്രിയങ്കരം.
കിങ് ഖാന്റെ സിനിമാ പ്രണയവും വീട്ൽല്‍ കാണാം. ഹോം തീയേറ്ററിലേക്കുള്ള പ്രവേശനവഴിയിലെല്ലാം ഷോലെ, രാം ഓർ ശ്യാം തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ പോസ്റ്ററുകളാണ്. മനോഹരമായ വീട്ടമ്മമാരിലൂടെയാണ് മനോഹരമായ വീടുകളുണ്ടാകുന്നത് എന്ന് വീടിനെക്കുറിച്ച് ഗൗരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഷെയർ ചെയ്ത് ഷാരൂഖ് ഖാൻ കുറിച്ച ക്യാപ്ഷനും ആരാധക ഹൃദയം കവർന്നു.