ഇരപിടിയൻ സസ്യങ്ങൾക്ക് മാത്രമായിട്ടൊരു തോട്ടം ഒരുക്കി വ്യത്യസ്തനാവുകയാണ് കല്ലായി സ്വദേശി സി.വി. വിത്സൻ. അദ്ദേഹത്തിന്റെ വീടിന് മുകളിൽ 2000 സ്ക്വയർ ഫീറ്റിലായി നിർമ്മിച്ചിരിക്കുന്ന വിനയ് ഗാർഡൻസിലാണ് ഈ അപൂർവ സസ്യശേഖരം. ഇരുപതിനായിരത്തോളം ഇരപിടിയൻ സസ്യങ്ങളാണ് ഇവിടെയുള്ളത്.
മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആരംഭിച്ചപ്പോൾ കേട്ട് പരിചയം മാത്രമുള്ള ഇരപിടിയൻ സസ്യത്തെ ആദ്യമായി കണ്ടതാണ് വിൽസന്റെ ജീവിതം മാറ്റിയത്. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നി. പിന്നീട് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ചു. കൗതുകം കൂടിയതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനും തുടങ്ങി. ഇന്ന് ഇരപിടിയൻ സസ്യങ്ങളുടെ വിത്തുത്പാദനത്തിൽ ഇന്ത്യയിൽ തന്നെ മാതൃകയാണ് വിൽസൺ.
കൃത്രിമ പരാഗണത്തിലൂടെയാണ് ചെടികൾ വളർത്തിയെടുക്കുന്നത്. നെപ്പന്തസ് വിഭാഗത്തിൽപ്പെട്ട ഇരപിടിയൻ ചെടിയാണ് കൂടുതലായിട്ടുള്ളത്. ഇന്ത്യയിൽ തന്നെ മേഘാലയയിൽ കാസിയാന എന്ന നെപ്പന്തസിന്റെ ഒരിനം മാത്രമേയുള്ളു. എന്നാൽ വിൽസന്റെ ഗാർഡനിൽ വിദേശത്ത് നിന്ന് കൊണ്ടുവന്ന നെപ്പന്തസിന്റെ 25 ഇനങ്ങളും സ്വന്തമായി രൂപപ്പെടുത്തിയെടുത്ത അമ്പതിലധികം ഇനങ്ങളുമുണ്ട്. സഞ്ചികളുടെ രൂപം, നിറം, വലിപ്പം എന്നിവയാണ് ഇവയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇരപിടിയൻ സസ്യങ്ങളിൽ തന്നെ ചെറുപ്രാണികൾ, ഈച്ച, ഒച്ച് എന്നിവയെ ഭക്ഷിക്കുന്ന മാംസഭുക്കുകളും പ്രാണികളെ കൂടാതെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളെയും ഭക്ഷിക്കുന്ന മിശ്രഭുക്കുകളായ അംബുലെറിയ എന്ന നെപ്പന്തസുകളും ഇവിടെയുണ്ട്. നമ്മുടെ കാലാവസ്ഥയോട് ഇണങ്ങി ജീവിക്കുന്ന ഇവയ്ക്ക് പ്രത്യേക വളവും പരിചരണവും ആവശ്യമില്ലെന്ന് വിൽസൺ പറയുന്നു.
ചെറിയ പ്രാണികളും കീടങ്ങളുമെല്ലാം ഇലകൾക്കടിയിലെ സഞ്ചിക്കുള്ളിൽ കാണുന്ന ദ്രാവകത്തിന്റെ ഗന്ധത്താൽ ഇതിലേക്ക് ആകർഷിക്കും. രാത്രി സമയങ്ങളിൽ സഞ്ചിയുടെ വായ്ഭാഗം തിളങ്ങും. ഇതാണ് പ്രാണികളെ ആകർഷിക്കുന്നത്. പ്രാണികൾ സഞ്ചിക്കുള്ളിലേക്ക് വീണാലുടൻ സഞ്ചിയുടെ അടപ്പ് അടയും. ഇങ്ങനെ പ്രാണികളെ സഞ്ചിക്കുള്ളിലെ ദ്രാവകത്തിൽ വച്ച് ദഹിപ്പിച്ച് ആറേഴ് മണിക്കൂറെടുത്ത് ഗ്ലൂക്കോസ് രൂപത്തിലേക്ക് മാറ്റിയാണ് സസ്യങ്ങൾ സ്വീകരിക്കുന്നത്.
ഇരപിടിയൻ സസ്യങ്ങളുടെ സഞ്ചിയിൽ കാണപ്പെടുന്ന ദ്രാവകത്തിന് ഔഷധ ഫലവുമുണ്ട്. ഡയബറ്റിസിനും അമിത രക്ത സമ്മർദ്ദത്തിനുമെല്ലാം ഇവയുടെ ദ്രാവകം ഉപയോഗിച്ചുവരുന്നു. ഇതിന്റെ തുടർ ഗവേഷണത്തിനായി ഹിമാചൽ പ്രദേശിലെ കേന്ദ്ര ഗവൺമെന്റ് സ്ഥാപനത്തിലേക്ക് നിരവധി ചെടികളും ഇദ്ദേഹം അയച്ചു കൊടുത്തിട്ടുണ്ട്. ഇരപിടിയൻ സസ്യങ്ങളെ കൂടാതെ വായുവിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് വളരുന്ന സസ്യങ്ങളും നിരവധി സ്വദേശ, വിദേശ ഇനം സസ്യങ്ങളുടെ വൻശേഖരവും ഇവിടെയുണ്ട്. 500 രൂപ മുതൽ 3000 രൂപ വരെയാണ് ഇരപിടിയൻ സസ്യങ്ങളുടെ വില. ഓൺലൈൻ വഴിയാണ് പ്രധാനമായും കച്ചവടം.
കുട്ടിക്കാലം മുതലേ കൃഷിയോടായിരുന്നു വിൽസണിന് താത്പര്യം. പൂന്തോട്ട നിർമ്മാണത്തിൽ നിന്നായിരുന്നു തുടക്കം. കള്ളിമുൾ ചെടിയോടായിരുന്നു ആദ്യകാലത്തെ ഇഷ്ടം. പിന്നീടത് പനകളോടായി. ഏതാണ്ട് ഇരുപത് വർഷമായി ഇരപിടിയൻ സസ്യങ്ങളുമായിട്ടാണ് പ്രണയം. ഭാര്യ സിനി വിത്സൺ, മക്കൾ മേഘ , മേഹൽ.