പ്രൊഫസർ എസ്.കൊച്ചുകുഞ്ഞ് രചിച്ച കാവാരികുളം കണ്ടൻകുമാരൻ: ഒരു ചരിത്ര പഠനം എന്ന കൃതി, നവോത്ഥാന നായകനായ കാവാരികുളം കണ്ടൻ കുമാരനെ മുൻനിറുത്തിയുള്ള ഒരു വിമർശനാത്മക ചരിത്ര വിശകലനമാണ്. സവർണ മേധാവിത്വം അയിത്തം കൊണ്ടും അടിമത്തം കൊണ്ടും സാമൂഹ്യജീവിതത്തിൽ അദൃശ്യരാക്കി നിറുത്തിയ ദളിതരുടെ പ്രക്ഷോഭങ്ങളെയും അവയുടെ നേതാക്കളെയും മേലാള ചരിത്ര രചനാ പദ്ധതി തമസ്കരിക്കുകയാണ് ചെയ്തത്. ആ കീഴാള നേതാക്കൾ ഒന്നൊന്നായി ഇപ്പോൾ ചരിത്രത്തിലേക്കു മടങ്ങി വരുന്നു. വിവിധ സർക്കാർ കോളജുകളിൽ ദീർഘകാലം ചരിത്രാദ്ധ്യാപകനായിരുന്ന ഗ്രന്ഥകാരൻ, അത്തരമൊരു വീണ്ടെടുക്കലിന്റെ ധർമ്മമാണ് ഈ കൃതിയിലൂടെ നിർവഹിക്കുന്നത്.കേരളത്തിലെ ദളിത് പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മലയാളത്തിലെ കീഴാള ചരിത്ര സാഹിത്യത്തെ സമ്പന്നമാക്കുന്നതാണ് ഈ കൃതി.
കണ്ടൻ കുമാരൻ സ്ഥാപിച്ച ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന പറയർ സംഘം ആരംഭിച്ച സാംബവ നവോത്ഥാനം ലക്ഷ്യമിട്ടത് സ്വന്തം സമുദായാംഗങ്ങൾക്ക് 'ഭൂമിയും, വിദ്യാഭ്യാസവും, സർക്കാർ ജോലിയും" ആണ്.പരിഷ്കൃത ജീവിതത്തെപ്പറ്റി പഠിപ്പിക്കാൻ ഭജന മഠങ്ങൾ മറയാക്കി. അങ്ങനെ സംഘടനയുടെ ഓരോ ശാഖയും നിശാപാഠശാലയായി മാറിയ വലിയൊരു അനൗപചാരിക വിദ്യാഭ്യാസ പ്രക്രിയയ്ക്ക് അദ്ദേഹം നേതൃത്വം നൽകി. ഒപ്പം, 52 ഏകാദ്ധ്യാപക വിദ്യാലയങ്ങൾ സ്ഥാപിക്കുകയും സ്വസമുദായത്തിലെ കുട്ടികൾക്ക് പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടാൻ പരിശ്രമിക്കുകയും ചെയ്തു. സമുദായാംഗങ്ങളിൽ ബഹുമുഖമായ ഒരു പരിവർത്തനത്തിനാണ് കണ്ടൻ കുമാരൻ ശ്രമിച്ചത്. ചരിത്രം, രാഷ്ട്രീയം, സംസ്കാരം എന്നീ മേഖലകളിലെ ശക്തമായ സമകാലിക ദളിത് മുന്നേറ്റങ്ങൾക്ക് ആശയപരമായ ദാർഢ്യം പകരാൻ ഈ പുസ്തകം ഉപകരിക്കും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 98 പേജുള്ള ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത് കൊല്ലം ശ്രീനാരായണ കോളേജിലെ മുൻ ഇംഗ്ലീഷ് അദ്ധ്യാപകൻ പ്രൊഫ. ജയരാജനാണ്.