കൊല്ലം വാടിയിലെ കടലോരത്ത് കേരളത്തിന്റെ സൈന്യം പതിവിലേറെ തിരക്കിലാണ്. വല നിറയെ മീൻ നൽകി കടലമ്മ കനിയുന്ന കാലമാണവർക്ക് ആഗസ്റ്റിന്റെ പകുതി. എങ്കിലും പണിയൊതുങ്ങുന്ന വൈകുന്നേരങ്ങളിൽ കടലിന്റെ കയ്പ്പും മധുരവും പങ്കിട്ട് മണൽപ്പരപ്പിൽ ഒത്തുചേരുന്ന പതിവിന് മാറ്റമില്ല. ഓണമൊരുങ്ങുന്നതിനിടെ എത്തിയ പെരുമഴ നൂറ്റാണ്ടിലെ മഹാപ്രളയമായി മാറി തുടങ്ങിയ ദിനങ്ങൾ. നദികളെല്ലാം കരകവിഞ്ഞൊഴുകി കേരളം മുങ്ങി താഴുകയായിരുന്നു കഴിഞ്ഞ സ്വാതന്ത്ര്യദിന പുലരിയിൽ. ആറന്മുളയും ചെങ്ങന്നൂരും പ്രളയത്താൽ ഒറ്റപ്പെട്ടിരുന്നു...
ആറന്മുളയിലെ വീടുകളിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ രണ്ട് ബോട്ടുകൾ വേണമെന്ന ആവശ്യവുമായി കൊല്ലം കളക്ടർ ഡോ.എസ്. കാർത്തികേയന് പത്തനംതിട്ട കളക്ടർ പി.ബി.നൂഹിന്റെ വിളിയെത്തി. രണ്ട് മത്സ്യബന്ധന യാനങ്ങൾ വാടി കടപ്പുറത്ത് നിന്ന് ലോറിയിൽ കയറ്റി വൈകുന്നരത്തോടെ ആറന്മുളയിലേക്കയച്ചു. പ്രളയമേഖലകളിൽ പട്ടാളത്തേക്കാൾ ഇടപെടാനാകുമെന്ന് മത്സ്യത്തൊഴിലാളികൾ അടയാളപ്പെടുത്തി. 16 ന് പുലർച്ചെ നാലിന് കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് സിൻഡിക്കേറ്റംഗം എച്ച്. ബെയ്സിൽ ലാലിനെ ഫോണിൽ വിളിച്ചുണർത്തിയത് സബ് കളക്ടർ ഡോ.എസ്. ചിത്രയാണ്. കുറച്ച് ബോട്ടുകൾ കൂടി കടപ്പുറത്ത് എത്തിക്കണമെന്നായിരുന്നു ആവശ്യം. ബെയ്സിൽ ലാൽ എത്തുമ്പോൾ സബ് കളക്ടറും ഉദ്യോഗസ്ഥരും കടപ്പുറത്തുണ്ട്. നേരും പുലരും മുൻപ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയുമെത്തി.
രക്ഷാദൗത്യത്തിന് കൊണ്ടുപോകുന്ന ബോട്ടുകളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുന്നുവെന്ന് മന്ത്രിയുടെ ഉറപ്പ്. 29 ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ പ്രളയ മേഖലയിലേക്ക് തിരിച്ചു. പെരുമഴ പെയ്തലച്ച ഉച്ചയ്ക്ക് അസി. കമ്മീഷണർ എ. പ്രദീപ്കുമാർ വാടിയിലെത്തി. മത്സ്യത്തൊഴിലാളികളും മത്സ്യഫെഡ് സഹകരണസംഘം പ്രവർത്തകരുമായി രാവേറെ നീളുന്ന ചർച്ച. വാടിയിലെ 13 മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 85 ബോട്ടുകൾ അയയ്ക്കാൻ തീരുമാനം. 17ന് പുലർച്ചെ 55 ബോട്ടുകൾ കൂടി ദുരന്തമേഖലയിലേക്ക്. ഉച്ചയോടെ സിറ്റി പൊലീസ് കമ്മീഷണർ ഡോ.അരുൾ ആർ.ബി.കൃഷ്ണ കടപ്പുറത്തെത്തി. കൂടുതൽ ബോട്ടുകൾ വേണമെന്ന് വീണ്ടും ആവശ്യം. വൈകുന്നേരത്തിന് മുമ്പ് 38 വള്ളങ്ങൾ കൂടി പെരുമഴയെ മുറിച്ച് കടന്ന് രക്ഷാദൗത്യത്തിനായി നീങ്ങി. അപ്പോഴേക്കും ആയിരങ്ങളെ ജീവിതത്തിന്റെ മറുകരയെത്തിച്ച് കേരളത്തിന്റെ സൈന്യമെന്ന് അവർ പേരെടുത്തിരുന്നു. വല നിറയെ മീൻ കിട്ടുന്ന ആഗസ്റ്റ് പകുതിയിൽ 128 ബോട്ടുകളുമായി 447 മത്സ്യത്തൊഴിലാളികളാണ് ചെങ്ങന്നൂരിനെയും ആറന്മുളയെയും വീണ്ടെടുക്കാൻ അന്ന് വാടിയിൽ നിന്ന് പോയത്.
അന്ന് മാതാവിന്റെ തിരുനാളായിരുന്നു
മൂന്നര പതിറ്റാണ്ടായി കടലിന്റെ കാണാച്ചുഴികളെ അടുത്തറിയുന്ന മൂതാക്കരയിലെ ജോസഫ് മെൽക്കിയാസിന്റെയുള്ളിൽ പമ്പയാറിന്റെ കുത്തൊഴുക്ക് ഇപ്പോഴും നിലച്ചിട്ടില്ല. അന്ന് സ്വാതന്ത്ര്യ ദിനം മാത്രമല്ല മാതാവിന്റെ സ്വർഗാരോഹണ തിരുനാൾ കൂടിയായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് മയങ്ങാൻ തുടങ്ങുമ്പോഴാണ് ബോട്ടിന്റെ എൻജിൻ ആവശ്യപ്പെട്ട് വാടി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ റുഡോൾഫിന്റെ വിളിയെത്തുന്നത്. ആറന്മുളയിലെ രക്ഷാദൗത്യത്തിനെന്ന് അറിഞ്ഞപ്പോൾ വേറൊന്നും ആലോചിക്കാതെ എൻജിനുമെടുത്ത് ജോസഫ് വാടിയിലെത്തി. ബോട്ട് ലോറിയിൽ കയറ്റി ജോസഫും സഹപ്രവർത്തകരും വാടിയിൽ നിന്ന് തിരിക്കുമ്പോൾ നേരം സന്ധ്യയായിരുന്നു. പ്രളയത്തെ മറികടക്കാൻ 'കേരളത്തിന്റെ സൈന്യം" വാടിയിൽ നിന്ന് കൊണ്ടുപോയ രണ്ടാമത്തെ ബോട്ടായിരുന്നു അത്.
രാത്രിയോടെ അവിടെ എത്തുമ്പോൾ കരകാണാ കടലു പോലെ എങ്ങും പ്രളയജലം. കടലിനെ അടുത്തറിയുന്ന മത്സ്യത്തൊഴിലാളികൾ കുത്തൊഴുക്കിനെ തിരിച്ചറിയാനാകാതെ നാലു മണിക്കൂറോളം പണിപ്പെട്ടു. ആദ്യമെത്തിയ ബോട്ടിന്റെ എൻജിൻ തകരാറിലായതിനാൽ രാത്രിയിലെ പ്രതീക്ഷകളൊക്കെയും ജോസഫും സംഘവും കൊണ്ടുവന്ന 'ബിനിതാമോൾ" ബോട്ടിലായി. കുത്തിയൊഴുകുന്ന പ്രളയജലത്തെ മറികടന്ന് നൂറ് കണക്കിന് ജീവിതങ്ങളെ അവർ വീണ്ടെടുത്തു. അന്നത്തെ രക്ഷാപ്രവർത്തനം വിജയം കണ്ടതോടെ അടുത്ത ദിവസം കൂടുതൽ ബോട്ടുകളെത്തി. പ്രളയം മുക്കിയ വീടുകളുടെ മേൽക്കൂരകളിൽ ജീവനും പ്രതീക്ഷകളും മുറുകെ പിടിച്ച് നിലവിളികളോടെ കാത്തിരിക്കുന്നവരിലേക്ക് അതിവേഗം പായുന്നതിനിടെ 11 കെ.വി വൈദ്യുതി ലൈനിൽ തട്ടി ജോസഫ് ബോട്ടിനുള്ളിലേക്ക് തെറിച്ച് വീണു. ശരീരത്തിനേറ്റ വേദനകളിൽ തളരാതെ മൂന്ന് രാത്രിയും മൂന്ന് പകലും ഉറക്കവും വിശ്രമവും ഉപേക്ഷിച്ച് ജോസഫും അനേകം മത്സ്യത്തൊഴിലാളികളും ബോട്ടുകൾ പായിച്ചു
. ടെറസിൽ കുടുങ്ങികിടക്കുന്നവരെ ബോട്ടിലേക്ക് കയറ്റാൻ തോളും തുടയും അവർ ചവിട്ടുപടികളാക്കി നൽകി. നൂറിലേറെപ്പേരാണ് ജോസഫിന്റെ തോളിലും തുടയിലും ചവിട്ടി അതിജീവന വഴിയിലേക്ക് നടന്നത്. ഉടുത്ത് മാറാൻ ഒന്നുമില്ലാതെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ മാർഗമില്ലാതെയും വലഞ്ഞപ്പോൾ രക്ഷാപ്രവർത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികളും പ്രളയത്തിന്റെ ഇരകളായി. 18ന് രാത്രിയിൽ വീട്ടിലേക്ക് മടങ്ങാൻ പത്തനംതിട്ടയിലെത്തിയപ്പോൾ ആദ്യം കണ്ട ബസിന് കൈ കാണിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ച ജോസഫിന് മുമ്പിൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾ അവരുടെ ബസ് നിറുത്തി. കാര്യം തിരക്കിയപ്പോഴാണ് തങ്ങൾക്കൊപ്പമുള്ളത് കേരളത്തിന്റെ ഹീറോകളിൽ ഒരാളാണെന്ന് അവറിയുന്നത്. വിദ്യാർത്ഥികൾ ജോസഫിനെ ചേർത്ത് നിറുത്തി മതിയാവോളം സെൽഫിയെടുത്തു. മൂതാക്കരയിലെ ജോസഫിന്റെ ഉൾപ്പെടെ വീടുകളിൽ ആറന്മുളയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും ഇടയ്ക്കൊക്കെ അതിഥികൾ എത്തും. വിശേഷങ്ങൾ തിരക്കി ചിലർ ഫോൺ വിളിക്കും. മരണങ്ങളും കല്യാണങ്ങളും അറിയിക്കും. കഴിയുന്നതിനൊക്കെ ഇവർ പോകും. അങ്ങനെ ഒരു കൊല്ലത്തിനുള്ളിൽ ഈ നാടുകൾക്കും നാട്ടുകാർക്കുമിടയിലുണ്ടായത് സമാനതകളില്ലാത്ത ആത്മബന്ധമാണ്.
മറക്കാത്ത ആ സ്നേഹം
തനിക്ക് കഴിയുന്ന അത്രയും പേരെ രക്ഷപ്പെടുത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആഗസ്റ്റ് 16ന് ഉച്ചകഴിഞ്ഞ് ജോനകപ്പുറത്തെ മേരീദാസൻ വാടിയിലെ മത്സ്യത്തൊഴിലാളികൾക്കൊപ്പം ചെങ്ങന്നൂരിലേക്ക് തിരിച്ചത്. 17ന് പുലർച്ചെ അവിടെ എത്തിയത് മുതൽ അനുഭവിച്ചത് കടൽ നൽകിയതിനേക്കാളേറെ വലിയ പാഠങ്ങളാണ്. ജലം വിഴുങ്ങും മുമ്പ് ആരെങ്കിലുമെത്തുന്ന പ്രതീക്ഷയിൽ വീടുകളുടെ ടെറസിൽ കാത്തിരുന്ന നൂറുകണക്കിന് കുടുംബങ്ങളെ ജീവിതത്തിലേക്കാണ് കോരിയെടുത്തത്. ഒരു ടെറസിലേക്ക് ബോട്ട് അടുപ്പിക്കുമ്പോൾ വീട്ടുകാർക്കൊപ്പം കാത്തിരുന്ന അവരുടെ വളർത്തു നായ ജീവൻ രക്ഷിക്കാനെത്തിയവരോട് സ്നേഹത്തോടെ വാലാട്ടി. ആളുകൾക്കൊപ്പം അവനും ബോട്ടിലേക്ക് കയറാൻ ശ്രമിച്ചു. ബോട്ടിന് താങ്ങാൻ കഴിയുന്നതിൽ കൂടുതൽ ആളുകൾ കയറിയെങ്കിലും നായയ്ക്ക് കൂടിയുള്ള സ്ഥലം ബാക്കിയുണ്ടായിരുന്നു. പക്ഷേ അടുത്ത വീട്ടിൽ വികലാംഗനായ അപ്പൂപ്പൻ കുടുങ്ങി കിടപ്പുണ്ടെന്ന് അറിഞ്ഞപ്പോൾ നായയെ ഒഴിവാക്കി അദ്ദേഹത്തെ കയറ്റാനായി തിരിച്ചു. ബോട്ട് നീങ്ങുമ്പോൾ അവന്റെ മുഖത്ത് തെളിഞ്ഞ പ്രതീക്ഷയറ്റ വേദന മേരീദാസനെ ഇപ്പോഴും അലട്ടുന്നുണ്ട്. അഴുക്കടിഞ്ഞ ഉടുവസ്ത്രങ്ങളുമായി ദിവസങ്ങൾക്ക് ശേഷമാണ് തിരികെ വീടണഞ്ഞത്. ചെങ്ങന്നൂരിലെ പ്രളയത്തെ ഓർമ്മപ്പെടുത്തി ത്വക്ക് രോഗങ്ങൾ ഇപ്പോഴും കൂടെയുണ്ട്. കുറച്ച് പേരെ രക്ഷിക്കാനായതിൽ സന്തോഷം, ഇല്ലെങ്കിൽ ഒരുപാട് സങ്കടപ്പെടുമായിരുന്നു. ഇതൊക്കെയല്ലേ ജീവിതത്തിന്റെ നീക്കിയിരുപ്പ്. മേരീദാസൻ പറഞ്ഞ് നിറുത്തി.
മുങ്ങിയെടുത്തത് മാലാഖ പുഞ്ചിരി
ചെങ്ങന്നൂരിലേക്ക് പോകുമ്പോൾ ഒരു കുഞ്ഞ് മാലാഖയെ കുത്തൊഴുക്കിൽ നിന്ന് മുങ്ങിയെടുക്കാനുള്ള നിയോഗം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് മൂതാക്കരയിലെ ജോസഫ് പീറ്റർ ചിന്തിച്ചിട്ട് കൂടിയില്ല. എത്ര പേരെ രക്ഷപ്പെടുത്തിയെന്ന് ഓർത്തെടുക്കാനാകുന്നില്ലെങ്കിലും ആ കുഞ്ഞിന്റെ പുഞ്ചിരി മറന്നിട്ടില്ല. ചുറ്റും നടക്കുന്നതൊന്നുമറിയാതെ നെഞ്ചിലെ ചൂടിലമർന്ന് കിടന്ന കുഞ്ഞ് മാലാഖയുമായി അവളുടെ അമ്മ ബോട്ടിൽ കയറുമ്പോഴും മഴ മാറിയിരുന്നില്ല. ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെ ബോട്ട് ആടിയുലഞ്ഞപ്പോൾ അമ്മയുടെ കൈയിൽ നിന്ന് അവൾ കുത്തൊഴുക്കിലേക്ക് വീണു. ഒട്ടും വൈകിയില്ല അടുത്ത നിമിഷം ജോസഫും ചാടി. ബോട്ടിലേക്ക് കുഞ്ഞുമായി ജോസഫ് തിരികെ കയറിയപ്പോഴാണ് നിലവിളികൾ ഒടുങ്ങിയത്. ചെങ്ങന്നൂരിൽ നിന്ന് ലഭിച്ച എണ്ണിയാലൊടുങ്ങാത്ത പുഞ്ചിരികൾ ജോസഫിനൊപ്പം ഇപ്പോഴുമുണ്ട്.