തലേദിവസത്തെ ട്രെയിൻ യാത്രയെപ്പറ്റി സീന സഹപ്രവർത്തകരോട് ചെറുതായി സൂചിപ്പിച്ചപ്പോൾ പലരും അമ്പരന്നു. ചിലർ മൂക്കത്തുവിരൽ വച്ചു. പ്രസവം കഴിഞ്ഞപ്പോൾ ആളാകെ മാറിയിരിക്കുന്നു. സ്വഭാവത്തിലാണ് വലിയ മാറ്റം.
ആറുമാസത്തെ പ്രസവാവധി കഴിഞ്ഞ് വീണ്ടും ജോലിയിൽ പ്രവേശിച്ചതാണ്. കേരള - തമിഴ്നാട് അതിർത്തിയിലാണ് വീട്. പാസഞ്ചർ ട്രെയിൻ അവിടെയെത്തുമ്പോൾ ഏഴുമണിയെങ്കിലുമാകും. അച്ഛനമ്മമാർ ഉള്ളതുകൊണ്ട് കുഞ്ഞിനെ നോക്കിക്കൊള്ളും. എങ്കിലും ജോലി സമയത്ത് ഇടയ്ക്കിടെ കുട്ടിയുടെ മുഖം ഓർമ്മ വരും. അപ്പോൾ മാറിൽ പാൽ നിറഞ്ഞപോലെ തോന്നും. പാലുള്ളതുകൊണ്ട് നീറിപ്പുകയുന്ന ഒരു വേദന അനുഭവപ്പെടും. മറ്റാരുമറിയാതെ ടോയ് ലറ്റിൽ പോയി പാലു പിഴിഞ്ഞ് കളയും. കൂടെയുള്ള വനിതാ ജീവനക്കാർക്ക് അത് മനസിലാകുകയും ചെയ്യും.
മുലപ്പാൽ വെറുതെ കളയേണ്ട. ചെറിയൊരു കുപ്പിയിൽ പിഴിഞ്ഞു വച്ചിരുന്നാൽ വീട്ടിൽ ചെന്നയുടൻ കുഞ്ഞിന് കൊടുക്കാമെന്ന് ഓഫീസിലെ സൂപ്രണ്ടായ വിമലയാണ് സീനയോട് ഉപദേശിച്ചത്. ഒരാഴ്ചയായി അത് പാലിക്കുന്നുമുണ്ട്. കേരള അതിർത്തി കഴിഞ്ഞ് നാട്ടിൻപ്പുറത്തെ ഒരു സ്റ്റേഷനിൽ ക്രോസിംഗിനായി നിർത്തിയിട്ടിരിക്കുകയാണ് ട്രെയിൻ. സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ അധികം പേരില്ല. വാതിലിന് സമീപം ഒരു പട്ടിക്കുഞ്ഞ് പേടിച്ച് വിറച്ചിരിക്കുന്നത് സീനയുടെ ശ്രദ്ധയിൽപ്പെട്ടു. പൊതുവേ പട്ടികളോട് സീനയ്ക്ക് വലിയ ഇഷ്ടമില്ല. പൂച്ചകളോട് അത്ര വെറുപ്പില്ലതാനും. എവിടേക്കെന്നറിയാതെ കമ്പാർട്ട്മെന്റിൽ കയറിയിരിക്കുന്ന ആ പട്ടിക്കുഞ്ഞിനോട് വല്ലാത്തൊരു ദേഷ്യം തോന്നി. നമുക്കിഷ്ടമില്ലാത്ത സർവതിനോടും അകാരണമായ ഒരു വിദ്വേഷം മനുഷ്യർക്ക് സ്വാഭാവികം. എതിർവശത്തിരുന്ന ഒരു സ്ത്രീയാണ് ആ പട്ടിക്കുഞ്ഞിന്റെ കാര്യം പറഞ്ഞത്. തൊട്ടുമുമ്പിലത്തെ സ്റ്റേഷനിൽ വച്ച് തള്ളപ്പട്ടിയും കുഞ്ഞും കയറി കൂടിയതാ. ട്രെയിനെടുക്കുന്നതിനിടയിൽ തള്ള താഴെ വീണു. അതിന്റെ കഥ കഴിഞ്ഞുകാണും. ഇതിന്റെ ആയുസും അധികമുണ്ടാവില്ല.
സഹയാത്രികയുടെ വാക്കുകൾ കേട്ടപ്പോൾ സീനയ്ക്ക് പട്ടിക്കുഞ്ഞിനോട് ആദ്യം തോന്നിയ ഈർഷ്യ പാടേ മാറി. മനസിലെവിടെയോ ഒരു അനുകമ്പ നാമ്പിട്ടു. തള്ളയെ തേടിയാകണം ആ പട്ടിക്കുഞ്ഞ് എല്ലാവരെയും നോക്കുന്നുണ്ട്. ആരോ ചായ കുടിച്ചിട്ട് വച്ചിരുന്ന ഒരു ഗ്ലാസ് എടുത്ത് പാൽക്കുപ്പിയിൽ നിന്ന് അല്പം പാലൊഴിച്ച് സീന ആ പട്ടിക്കുഞ്ഞിന് സമീപം കൊണ്ടുവച്ചു. തിരിച്ചുവന്ന് സീറ്റിലിരിക്കുമ്പോൾ ആർത്തിയോടെ അത് നക്കി കുടിക്കുകയാണ് പട്ടിക്കുഞ്ഞ്. സീനയ്ക്ക് വല്ലാത്തൊരു അഭിമാനവും വാത്സല്യവും തോന്നി. ഇറങ്ങേണ്ട സ്റ്റേഷനെത്തിയിരിക്കുന്നു. ട്രെയിനിൽ നിന്നിറങ്ങി തിരിഞ്ഞുനോക്കുമ്പോൾ അതേ സ്ഥാനത്ത് തന്നെയുണ്ട് ആ പട്ടിക്കുഞ്ഞ്. ഏതോ ആംഗ്യഭാഷ പോലെ നന്ദി പ്രകടനം പോലെ കുഞ്ഞു വാലാട്ടി അത് നോക്കി നിൽക്കുകയാണ്. അറിയാതെ വീണ്ടും വീണ്ടും സീന അതിനെ തിരിഞ്ഞു നോക്കി.
(ഫോൺ : 9946108220)