ഒാളങ്ങളിൽ ഒഴുകി പരന്നു നടക്കുന്ന മറ്റൊരു പെലിക്കനാണ് ഗ്രേറ്റ് വൈറ്റ് പെലിക്കൻ എന്ന വെൺ കൊതുമ്പന്നം. ഈസ്റ്റേൺ വൈറ്റ് പെലിക്കൻ, റോസി പെലിക്കൻ എന്നൊക്കെ കൂടി ഇവർക്ക് പേരുണ്ട്. നല്ല വെണ്മയിൽ പിങ്ക് കലർന്ന നിറമായതു കൊണ്ടാണ് ഇവർക്ക് ഈ പേര് കിട്ടിയത്. തെക്കു കിഴക്കൻ യൂറോപ്പിലും ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും പ്രജനനം നടത്തുന്ന ഇവർ ദേശാടന കാലത്ത് ഇന്ത്യയിലും എത്തുന്നു. ഇന്ത്യയിൽ അധികം തണുപ്പില്ലാത്ത ശുദ്ധ ജലത്തടാകങ്ങളിലും ചതുപ്പുകളിലും തണ്ണീർത്തടങ്ങളിലുമാണ് ഇവരെ കാണുന്നത്. ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇവയെ കാണാം. ഒന്നര മുതൽ രണ്ടു മീറ്റർ അടുപ്പിച്ചു നീളമുള്ള ശരീരം. ഭാരം അഞ്ചു മുതൽ ഒൻപത് പത്ത് കിലോവരെയൊക്കെയുണ്ടാവും. പിങ്ക് യെല്ലോ ചുണ്ടിനു അര മീറ്ററോളം നീളം. ചുണ്ടിനടിയിൽ മഞ്ഞ നിറത്തിലുള്ള സഞ്ചിയുമുണ്ട്. വലിയ ചിറകുകൾ വിടർത്തുമ്പോഴുള്ള നീളം 7 അടി മുതൽ 11 അടി വരെയുണ്ടാവും. ചിറകുകളുടെ അറ്റത്തു കറുത്ത തൂവലുകൾ. മഞ്ഞ കാലുകൾ.
പ്രജനന കാലത്ത് ആണിന്റെ മുഖ ചർമം പിങ്ക് നിറത്തിലും പെണ്ണിന് ഓറഞ്ച് നിറത്തിലുമാണ്. പെണ്ണിനേക്കാൾ ശരീര വലിപ്പം ആണിനാണ്. പറന്നു വരുന്നത് കാണുമ്പോൾ ഒരു വലിയ യാനം വരുന്നത് പോലെ തോന്നും. നീന്തുമ്പോഴും അങ്ങനെ തന്നെ. പ്രധാന ഭക്ഷണം മീനുകൾ തന്നെയാണ്. പെലിക്കനുകൾ മീൻ തട്ടിയെടുക്കാനും മിടുക്കരാണ്. നീർകാക്കകൾ ജലത്തിൽ ഊളിയിട്ടു മീനുകൾ കൊത്തിയെടുത്തു പൊങ്ങി വരുമ്പോൾ മിന്നൽ പോലെ അവരുടെ അടുത്തെത്തി ചുണ്ടിൽ നിന്ന് മീൻ തട്ടിയെടുക്കുന്നത് കണ്ടിട്ടുണ്ട്. ഇവയുടെ വലുപ്പം കാരണം ചെറിയ പക്ഷികൾക്ക് ഇവരെ പേടിയുമുണ്ട്. ഒന്നര കിലോയോളം മീൻ അകത്താക്കുന്ന ഇവർ ഭക്ഷണം തേടി ദൂരെയുള്ള കുളങ്ങളിലേക്കും പറക്കാറുണ്ട്. കൂട്ടത്തോടെ കോളനികളിലായി വസിക്കുന്ന ഇവർ മരങ്ങളിലോ തടാകക്കരയിലോ കൂടൊരുക്കുന്നു.
തമിഴ് നാട്ടിൽ ചിലയിടങ്ങളിൽ തെങ്ങിന്റെ മുകളിലും ഇവയുടെ കൂടുകൾ കാണാറുണ്ട്. ഏപ്രിൽ -മെയ് മാസങ്ങളിലാണ് ഇന്ത്യയിൽ ഇവയുടെ പ്രജനന കാലം. ചുള്ളിക്കമ്പുകൾ വൃത്താകൃതിയിൽ കൂട്ടിയൊരുക്കി ഉണ്ടാക്കുന്ന കൂട്ടിൽ ഒന്നു മുതൽ നാല് വരെ വെളുത്ത മുട്ടകൾ കാണാം. പെൺപക്ഷി ഒരു മാസത്തോളം അടയിരുന്നു മുട്ടകൾ വിരിക്കുന്നു. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ തൊലി മാത്രമുള്ളവയായിരിക്കും. തൂവലുകൾ സാവധാനം ഉണ്ടായി വരുന്നു. അച്ഛനുമമ്മയും കുഞ്ഞുങ്ങളെ തീറ്റി പോറ്റുന്നു. കഴുകൻ, പരുന്ത്, കുറുക്കൻ, കീരി എന്നിവയൊക്കെ മുട്ടകളുടെയും കുഞ്ഞുങ്ങളുടെയും ശത്രുക്കളാണ്. രണ്ടു രണ്ടര മാസമെടുത്തു കുഞ്ഞുങ്ങൾ തനിയെ ജീവിക്കാൻ പ്രാപ്തരാവുന്നു.