സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് സംവൃത സുനിൽ അഭിനയം മതിയാക്കി കുടുംബജീവിതത്തിലേക്ക് ചേക്കേറിയത്. നീണ്ട ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മടങ്ങി വരവ്. ഒട്ടും പതർച്ചയില്ലാതെ, പഴയ പ്രസരിപ്പോടെ വീണ്ടും കാമറയ്ക്ക് മുന്നിൽ. ഇടവേളയിലും മലയാള സിനിമയും പ്രേക്ഷകരും സംവൃതയെ മറന്നില്ല. മടങ്ങിവരവിൽ ഇരുകൈയും നീട്ടീ സ്വീകരിക്കുകയും ചെയ്തു.
''വിവാഹത്തിന് ശേഷം സിനിമയിൽ അഭിനയിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു ബ്രേക്ക് എടുക്കണമെന്ന് തീരുമാനിച്ചിരുന്നു. കുടുംബ ജീവിതം മിസാകരുതെന്ന് തോന്നി. ആ തീരുമാനം നല്ലതായിരുന്നു. ഇതിനിടെ സിനിമകൾ വന്നു. പലതും നല്ല പ്രോജക്ടുകൾ. എന്നാൽ അതിനൊന്നും കൈ കൊടുത്തില്ല. ഒരു ദിവസം ബിജു ചേട്ടൻ വിളിച്ചു. സജീവേട്ടൻ (സജീവ് പാഴൂർ) കഥ പറഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് മടങ്ങിവരാൻ തീരുമാനിച്ചത്.
മടങ്ങിവരവ് ആഗ്രഹിച്ചിരുന്നു
നല്ല സിനിമയുടെ ഭാഗമായി മടങ്ങി വരണമെന്ന് ഞാനും ആഗ്രഹിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. എന്റെ തലയിൽ എഴുതിയ കഥാപാത്രമാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ" സിനിമയിലേത്. നല്ല ടീമിനൊപ്പം മടങ്ങി വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പുതിയ ആൾക്കാരുടെ സിനിമയിലൂടെ മടങ്ങിവരണമെന്ന് ഞാനും ആഗ്രഹിച്ചു. ഇപ്പോൾ സിനിമ കൂടുതൽ റിയലിസ്റ്റിക്കായി. കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നതുപോലെ തോന്നുന്നു. നേരത്തേ അങ്ങനെയല്ല. സ്വപ്നം കാണുമ്പോൾ പാട്ട് വരും. ഇപ്പോഴത്തെ സിനിമയിൽ അങ്ങനെ കാണാറില്ല. ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഓരോ സിനിമയിലേതും. ഷൂട്ട് ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് വർക്ക് ഷോപ്പ് ഉണ്ടാവും. ഞാൻ അഭിനയിക്കുമ്പോൾ അങ്ങനെയൊന്നുമില്ല. ലൊക്കേഷനിൽ വരുമ്പോഴാണ് സീൻ വായിക്കുന്നത്. സീൻ നേരത്തേ ലഭിക്കുന്നതിന്റെ റിസൾട്ട് പുതുതലമുറ സിനിമകളിലെ താരങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. അത് നല്ല കാര്യമാണ്.
സിനിമ ഇനിയുമുണ്ടാകും
അഖിലേട്ടന്റെയും എന്റെയും വീട്ടുകാരുടെ പിന്തുണയാണ് മടങ്ങിവരവിന് സഹായിച്ചത്. നല്ല സിനിമയാണെന്ന് അറിഞ്ഞപ്പോൾ അവരെന്നെ പ്രോത്സാഹിപ്പിച്ചു. വിവാഹശേഷം നടികൾ സിനിമ ചെയ്താൽ ഭർത്താവുമായി പിണങ്ങിയെന്ന ധാരണയാണ് പലർക്കും. ഞാൻ നല്ല ഭാര്യയും അമ്മയും മരുമകളുമാണ്. കുടുംബജീവിതം എനിക്ക് ഒരുപാട് സന്തോഷം നൽകുന്നു. അഗസ്ത്യയ്ക്ക് നാലു വയസായി. അഖിലേട്ടന്റെയും മോന്റെയും കാര്യങ്ങൾ നോക്കണം. മോൻ സുഖമായിരിക്കുന്നു എന്ന തോന്നൽ എനിക്ക് അനുഭവപ്പെടണം. എങ്കിൽ മാത്രമേ സമാധാനത്തോടെ അഭിനയിക്കാൻ കഴിയൂ. മോന് നല്ല കുസൃതിയുണ്ട്. ഷൂട്ടിംഗിന്റെ സമയത്ത് മോൻ നല്ല കുട്ടിയായി ഇരുന്നതിനാലാണ് അഭിനയിക്കാൻ കഴിഞ്ഞത്. മോൻ നാട്ടിലാണെങ്കിൽ കുഴപ്പമില്ല. അഖിലേട്ടന്റെയോ എന്റെയോ വീട്ടുകാർ നോക്കും. കുടുംബ ജീവിതവും സിനിമയും ഒന്നിച്ചു കൊണ്ടു പോവുക ബുദ്ധിമുട്ടാണ്. അത് അധികം പേർക്കും കഴിയില്ല. മുമ്പ് സിനിമ മാത്രം ശ്രദ്ധിച്ചാൽ മതിയായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. മാത്രമല്ല, ഞാൻ യു.എസിലും. ഇതുപോലെ എല്ലാം ഒത്തുവന്നാൽ അടുത്ത സിനിമ ചെയ്യും.
ഇന്നും എന്നോട് സ്നേഹം
തിരിച്ചുവരവിൽ ഒരുപാട് മാറ്റങ്ങുണ്ട്, ഇപ്പോൾ മാഡം എന്നാണ് വിളിക്കാറ്. ആ വിളി കേൾക്കുമ്പോൾ തന്നെ ചമ്മലാണ്. നേരത്തേ ഞാനായിരുന്നു ലൊക്കേഷനിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ. ഞാനപ്പോൾ സീനിയേഴ്സിനെ സാറെന്നും മാഡമെന്നും വിളിക്കുമായിരുന്നു. ഇപ്പോൾ നമ്മളെ സീനിയറായി കാണുന്നു. പുതിയ കുട്ടികളുമായി നോക്കുമ്പോൾ ഞാൻ സീനിയറാണ്. ലൊക്കേഷനിൽ ചേച്ചി എന്നെന്നെ വിളിക്കുമ്പോൾ ഞാനത് ആസ്വദിക്കുന്നു. അത് ഒരു മാറ്റമാണ്. ഈ സിനിമയ്ക്ക് മുമ്പ് ഒരു റിയാലിറ്റി ഷോ ചെയ്തു. ലാൽ ജോസ് സാറും ചാക്കോച്ചനും ഉണ്ടെന്നറിഞ്ഞപ്പോൾ അതിന്റെ ഭാഗമാവുകയായിരുന്നു. അത് ഗുണം ചെയ്തു. അങ്ങനെയാണ് വീണ്ടും സിനിമയിലെത്തിയത്. ബിജു ചേട്ടനൊപ്പം കുറെ സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ നായികയാവുന്നത് ആദ്യമാണ്.
അമ്മ ജീവിതം ആസ്വദിക്കുന്നു
എന്റെ ജീവിതത്തിന്റെ ഭാഗമാണ് യു.എസ് ഇപ്പോൾ. അവിടെയെനിക്ക് താരപരിവേഷമില്ല. നോർത്ത് കരോളിനയിലെ ഷാർലറ്റിലാണ് താമസിക്കുന്നത്. പുതിയ വീട് വാങ്ങി. വീട്ടുജോലികൾ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്ന സാധാരണ വീട്ടമ്മയാണ് ഞാൻ. നാട്ടിൽ പോവുമ്പോഴാണ് സിനിമാ താരമായിരുന്നെന്ന് ഓർക്കുന്നത്. വീണ്ടും സിനിമയിൽ സജീവമാകണമെന്നാഗ്രഹമില്ല. ഇതുപോലെ ഇടവേളയ്ക്കു ശേഷമായിരിക്കും അടുത്ത സിനിമ. എന്നെ ആകർഷിക്കുന്ന കഥയും നല്ല സംവിധായകരുടെ സിനിമയും വന്നാൽ തീർച്ചയായും ചെയ്യും. ജീവിതത്തിൽ ഉത്തരവാദിത്തം കൂടി എന്ന തിരിച്ചറിവുണ്ട്. പല കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യാൻ പഠിച്ചു. മോൻ ഇപ്പോൾ പ്രീ സ്കൂളിൽ പഠിക്കുന്നു.