തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 57 ആയി. മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. കവളപ്പാറയിൽ തിരച്ചിലിനായി കൂടുതൽ സെെെന്യം എത്തി. മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സംഘമാണ് സ്ഥലത്തെത്തിയത്. വയനാട്ടിലെ ദുരന്ത മേഖലകൾ സന്ദർശിക്കാൻ ഇന്ന് രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തും. വടക്കൻ കേരളത്തിൽ അടുത്ത 48 മണിക്കൂർകൂടി അതിശക്തമായ മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതിതീവ്ര മഴക്ക് സാദ്ധ്യതയുള്ളതിനാൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, 10 മുതൽ 15 അടി വരെ ഉയത്തിലാണ് പുത്തുമലയിൽ മണ്ണ് കുന്നുകൂടി നിൽക്കുന്നത്. ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സ്, ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളികൾ, പൊലീസ്, സൈന്യം എന്നിവർ സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ണ് മാറ്റി ആളുകളെ പുറത്തെത്തിക്കുകയാണ് നിലവിൽ പുത്തുമലയിൽ രക്ഷാപ്രവർത്തകർ ചെയ്യുന്നത്. കവളപ്പാറയിലും 60ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
എട്ടു ജില്ലകളിലായി 80 സ്ഥലങ്ങളിലാണ് മൂന്നു ദിവസത്തിനിടെ ഉരുൾപൊട്ടിയത്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. പുഴകളെല്ലാം കരകവിഞ്ഞൊഴുകുന്നു. പാലം ഒലിച്ചുപോയതിനെത്തുടർന്ന് മലപ്പുറം മുണ്ടേലിയിൽ ഇരുന്നൂറോളം കുടുംബങ്ങളും ഫോറസ്റ്റ് ജീവനക്കാരും കുടുങ്ങി. സംസ്ഥാനത്താകെ 1221 ക്യാമ്പുകളിലായി 40,967കുടുംബങ്ങളിലെ 1,45,928 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. വയനാട് ജില്ലയിൽ മാത്രം 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കോഴിക്കോട്ട് പന്ത്രണ്ടും വയനാട്ടിലും മലപ്പുറത്തും പതിനൊന്ന് വീതവും കണ്ണൂരിൽ അഞ്ചും തൃശൂരിൽ മൂന്നും പേരാണ് പേമാരി ആരംഭിച്ച ശേഷം മരിച്ചത്.