കൽപ്പറ്റ : മഴക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയ സൈന്യത്തിന് ഇന്ധനം നൽകാൻ പെട്രോൾ പമ്പുകാർ മടിച്ചുവെന്ന് റിപ്പോർട്ട്. കാലാവസ്ഥ മോശമായതിനാൽ ഓഫ് റോഡിലും സഞ്ചരിക്കാനാവുന്ന സൈനിക വാഹനങ്ങളിലാണ് സൈന്യം യാത്ര ചെയ്യുന്നത്. മൈലേജ് വളരെ കുറവായ ഇത്തരം വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനം ആവശ്യമാണ്. വയനാട് സുൽത്താൻ ബത്തേരിയിലെ മൂന്ന് പെട്രോൾ പമ്പുകളിൽ ഇന്ധനത്തിനായി സൈന്യം സമീപിച്ചത്. എന്നാൽ പണം ലഭിക്കുന്നതിന് ഗ്യാരണ്ടി ഇല്ലന്നും റവന്യൂ വകുപ്പ് രസീത് നൽകിയിട്ടില്ലെന്നും പറഞ്ഞ് ഇന്ധനം നൽകാൻ പെട്രോൾ പമ്പുടമകൾ മടിക്കുകയായിരുന്നു.
രണ്ട് തവണ ഇന്ധനം നൽകണമെന്ന് ആവശ്യപ്പെട്ട് സൈനിക ഉദ്യോഗസ്ഥർ സംസാരിച്ചുവെങ്കിലും പമ്പുടമകൾ നിലപാടു മാറ്റിയില്ല. തുടർന്ന് സൈന്യം പെട്രോൾ പമ്പുകൾ കസ്റ്റഡിയിലെടുത്ത് ഇന്ധനം നിറച്ചുവെന്നാണ് റിപ്പോർട്ടുകൾ. ദുരന്ത നിവാരണത്തിൽ സേനക്കുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് സൈന്യം പമ്പുകൾ കസ്റ്റഡിയിലെടുത്തത്. എന്നാൽ സൈന്യം പെട്രോൾ ആവശ്യപ്പെട്ട് സമീപിച്ചില്ലെന്ന് സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന പമ്പിലെ ജീവനക്കാരൻ കേരളകൗമുദിയോട് പ്രതികരിച്ചു. പ്രളയത്തിൽ ഗതാഗതം തടസപ്പെട്ടതോടെ പമ്പിലെ സ്റ്റോക്ക് കഴിഞ്ഞദിസം ഉച്ചയോടെ തീർന്നുവെന്നും, സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നും പെട്രോൾ പമ്പ് ജീവനക്കാർ പറയുന്നു. ഇതു സംബന്ധിച്ച പരാതിയൊന്നും ലഭിച്ചില്ലെന്ന് സുൽത്താൻബത്തേരി പൊലീസും വ്യക്തമാക്കി.