തിരുവനന്തപുരം: പ്രളയത്തിൽപ്പെട്ട വടക്കൻ കേരളത്തിലേക്ക് തെക്കൻ കേരളത്തിൽ നിന്ന് സഹായമെത്തുന്നില്ലെന്ന പ്രചരണത്തിനെതിരെ മുഹമ്മദ് സജാദ് ഐ.എ.എസ് രംഗത്ത്. 'ആവശ്യത്തിൽ കൂടുതൽ വിഭാഗീയത ഇപ്പോൾ തന്നെ ഉണ്ട് ഇനി തെക്കും വടക്കും കൂടി താങ്ങാൻ വയ്യ. അവസാനം എല്ലാരേം ഒരുമിച്ച് തെക്കോട്ടെടുക്കേണ്ടി വരുമെന്ന്' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇങ്ങ് തെക്ക്, തിരുവനന്തപുരത്ത് കോർപ്പറേഷൻ നേരിട്ടാണ് കളക്ഷന് മുൻകൈയ്യെടുക്കുന്നത്. വടക്കോട്ടുള്ള രണ്ടാമത്തെ ലോഡ് ഇന്ന് രാത്രി പുറപ്പെട്ടു കഴിഞ്ഞു. മേയർ മുതൽ സന്നദ്ധ സംഘടനകളും കോർപ്പറേഷൻ ജീവനക്കാരും,സിവിൽ സർവീസ് ജേതാക്കളും വിദ്യാർത്ഥികളുമടക്കമുള്ള വോളണ്ടിയർമാർ രാത്രിയും സജീവമാണ്.
ഇന്ന് (ഞായർ) പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ കവളപ്പാറയിലേക്കു നേരിട്ടുള്ള കളക്ഷൻ നടക്കുന്നു.
കൊല്ലത്ത് കളക്ടറുടെ നേതൃത്വത്തിൽ എല്ലാ താലൂക്കിലും കളക്ഷൻ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. സ്വന്തമായി ഒരു പാട് ക്യാംപുകളുള്ള ആലപ്പുഴയിലുമുണ്ട് വടക്കൻ ജില്ലകൾക്കു വേണ്ടിയുള്ള കളക്ഷൻ സെന്റർ. പലയിടത്തും വിദ്യാർത്ഥികളും സാധാരണക്കാരുമടക്കം കൈ മെയ് മറന്നിറങ്ങുന്നുണ്ട്.
റിലീഫ് മെറ്റീരിയൽസ് എത്തിക്കുന്നതിൽ തുടക്കത്തിലെ മെല്ലെ പോക്ക് മാറി വരുന്നുണ്ട് . മന്ദഗതിക്ക് പല കാരണങ്ങളുമുണ്ടാവാം . അത് തിരഞ്ഞു തെക്കോട്ട് നോക്കണ്ട . ഈദും വീക്കെൻഡും കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുറക്കട്ടെ, കളക്ഷൻ ഒന്നു കൂടി ഫാസ്റ്റാവും.
എന്നിട്ട് തീരുമാനിക്കാം തെക്കനെ ആദ്യം വേണോ മൂർക്കനെ ആദ്യം വേണോ എന്ന് .
തെക്കും വടക്കും നടുവിലുമൊക്കെ ജീവിച്ചിട്ടുണ്ട്. തെക്കരും വടക്കരും തമ്മിലുള്ള പ്രധാന വ്യത്യാസം തെക്കർ മൂക്കിലൂടെ ശ്വാസമെടുക്കുമ്പോൾ വടക്കർ മൂക്കിലൂടെ ശ്വാസം വിടുന്നു എന്നുള്ളതാണ്. വേറെ കാര്യമായ വ്യത്യാസമൊന്നും കണ്ടിട്ടില്ല . എല്ലാടത്തും ചോരയും നീരുമുള്ള മനുഷ്യമ്മാരും മനുഷ്യത്തികളും തന്നെയാണ് .
അതു കൊണ്ട് തെക്കൻ-മൂർഖൻ വംശീയ വൈകാരിക പോസ്റ്റുകൾ ഇടുന്ന നേരം നമുക്ക് ഉപകാരമുള്ള വല്ലതും share ചെയ്യാം .
N:B ആവശ്യത്തിൽ കൂടുതൽ വിഭാഗീയത ഇപ്പോൾ തന്നെ ഉണ്ട്. ഇനി തെക്കും വടക്കും കൂടി താങ്ങാൻ വയ്യ. അവസാനം എല്ലാരേം ഒരുമിച്ച് തെക്കോട്ടെടുക്കേണ്ടി വരും