അനന്ത്‌നാഗ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ കഴിഞ്ഞദിവസം തന്റെ കാശ്‌മീർ സന്ദർശന വേളയിൽ ഒരു ചോദ്യം നേരിട്ടു. ചോദ്യം ചോദിച്ചത് ആട്ടിടയനായിരുന്നു, ചോദ്യം ഇങ്ങനെയും- എന്റെ പുതിയ രണ്ട് ആട്ടിൻകുട്ടികളെ ഞാൻ വാങ്ങിയത് കാർഗിലിലെ ദ്രാസിൽ നിന്നാണ്. ദ്രാസ് എവിടാന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? ദോവൽ ആരെന്ന് അറിയാതെയായിരുന്നു ആ ചോദ്യം. ദോവൽ മറുപടി പറയാൻ തുടങ്ങും മുമ്പുതന്നെ അനന്ത്നാഗിലെ ഡെപ്യൂട്ടി കമ്മീഷണർ ഖാലിദ് ജഹാംഗീർ ഇടപെട്ടു, 'ഇത് ആരാണെന്ന് വല്ല അറിവുമുണ്ടോ? ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിനോടാണ് നിങ്ങൾ സംസാരിക്കുന്നത്. അതുകേട്ട് ആകെ ചൂളിപ്പോയ ആട്ടിടയന്റെ തോളിൽ തട്ടി കുശലാന്വേഷണം നടത്തിയാണ് ദോവൽ യാത്രയായത്.
കേന്ദ്രം ആർട്ടിക്കിൾ 370 റദ്ദാക്കിയ പശ്ചാത്തലത്തിൽ ദക്ഷിണ കാശ്‌മീരിലെ അനന്ത്‌നാഗ് സന്ദർശിക്കുകയായിരുന്നു ദോവൽ. അനന്ത്‌നാഗിലെ കർഷകരോടും ആടുമാട് വ്യാപാരികളോടുമൊക്കെ ദോവൽ ക്ഷേമാന്വേഷണങ്ങൾ നടത്തി. വ്യാപാരികളോട് അദ്ദേഹം ആടുമാടുകളുടെ വില്പന വിലയും, ശരാശരി തൂക്കവും, തീറ്റക്രമങ്ങളുമൊക്കെ വിശദമായി ചോദിച്ചറിഞ്ഞു.
എന്നാൽ കൂടിനിന്നവരിൽ പലർക്കും തങ്ങളോട് സംസാരിക്കുന്നയാൾ അജിത് ദോവലാണെന്നോ, പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണെന്നോ എന്നൊന്നും അറിയില്ലായിരുന്നു. ആദ്യമായിട്ടാണ് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കാശ്മീർ താഴ്‌വരയിലെ ജനങ്ങളോട് നേരിട്ട് സംസാരിക്കുന്നതിനായി എത്തുന്നത്. ദോവലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ANANTNAG: National Security Advisor Ajit Doval interacts with locals in Anantnag, an area which has been a hotbed of terrorist activities in the past. #JammuAndKashmir pic.twitter.com/dUd7GPvS2W
— ANI (@ANI) August 10, 2019