ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിൽ കേന്ദ്ര സർക്കാരിന് പിന്തുണയുമായി കാശ്മീരി പെൺകുട്ടി രംഗത്തെത്തി. ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവാണ് കാശ്മീരി പെൺകുട്ടി കേന്ദ്രസർക്കാർ തീരുമാനത്തെ അനുകൂലിക്കുന്ന വീഡിയോ തന്റെ ട്വിറ്ററിൽ പങ്കുവച്ചത്.
മോദി സർക്കാരിന്റെ ഈ തീരുമാനത്തെ അംഗീകരിക്കുന്നതായി പെൺകുട്ടി വീഡിയോയിൽ പറയുന്നു. 'അസ് ലാമു അലൈക്കും' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സർക്കാറിന്റെ ഈ തീരുമാനം കൊണ്ട് കശ്മീരിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആകുമെന്നും അതുപോലെ തന്നെ നല്ല വിദ്യാഭ്യാസ കേന്ദ്രങ്ങളും ജോലി സാദ്ധ്യതകളും ഇതിലൂടെ കശ്മീരിൽ ഉണ്ടാകുമെന്നും പെൺകുട്ടി പറയുന്നു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, വീഡിയോയിലുള്ള ഈ പെൺകുട്ടി കശ്മീരി മുസ്ലീം യുവതി അല്ലെന്നും വ്യാജയാണെന്നുമാണ് നിരവധി പേർ ട്വിറ്ററിലൂടെ പ്രതികരിച്ചു. കാശ്മീരിലെ സോനാമർഗ് സ്വദേശിയാണ് യുവതിയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.