മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയിൽവേ സ്റ്റേഷനിലിരുന്ന് എക് പ്യാർ കാ നഗ്മാ എന്ന ലതാ മങ്കേഷ്‌കറുടെ പാട്ട് പാടി സോഷ്യൽ മീഡിയയിൽ താരമായ രാണു മോണ്ടാൽ എന്ന ഗായികയെ ഒടുവിൽ കണ്ടെത്തി. എന്നാൽ ഗായികയുടെ മേക്കോവർ കണ്ട് അന്തംവിട്ടിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ.
മുംബയ് സ്വദേശിയായ ഭർത്താവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനുകളിലും പ്ലാറ്റ് ഫോമിലും പാട്ടുപാടിയാണ് വരുമാനം കണ്ടെത്തിയത്. മുഷിഞ്ഞ വസ്ത്രം ധരിച്ച് രണാഘട്ട് റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിലിരുന്ന് പാടുന്ന രാണു മോണ്ടാലിന്റെ വീഡിയോ വളരെപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതിന് ശേഷം കേരളത്തിൽ നിന്നുൾപ്പെടെ പരിപാടി അവതരിപ്പിക്കാൻ നിരവധി അഭ്യർത്ഥനകളാണ് രാണുവിനെത്തേടിയെത്തിയത്. എന്തിനേറെപ്പറയുന്നു മുംബയിലെ ഒരു റിയാലിറ്റി ഷോയിൽ വിശിഷ്ടാതിഥിയായി ഇവർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.