kerala-flood

മലപ്പുറം: കനത്ത മഴയെ തുടർന്ന് ഉരുൾപ്പൊട്ടലുണ്ടായ മലപ്പുറത്തെ കവളപ്പാറയിൽ സെെന്യം നടത്തിയ തെരച്ചലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ മരിച്ചവ​രുടെ എണ്ണം 11 ആയി. തെരച്ചിലിനായി മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സംഘം സ്ഥലത്തെത്തിയിരുന്നു. പ്രദേശത്ത്​ കാണാതായ മുഴുവൻ പേരെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ നടത്തുമെന്ന്​ ജില്ലാ കളക്​ടർ ജാഫർ മാലിക് അറിയിച്ചു.

ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ്​ രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചത്​. മരങ്ങൾ മുറിച്ചുമാറ്റിയും മണ്ണുനീക്കിയുമാണ് ഇവിടെ തിരച്ചിൽ നടക്കുന്നത്. എൻ.ഡി.ആർ.എഫി​​ന്റെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്​. അതേസമയം, ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിൽ ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരാളുടെ മൃതദേഹം കൂടി ഇപ്പോൾ കണ്ടെടുത്തു. ഇതോടെ മരണം 10 ആയി. സൈന്യം അടക്കം കൂടുതൽ രക്ഷാപ്രവർത്തകർ ഇന്ന് പുത്തുമലയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ അളവ് കുറഞ്ഞത് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്നതാണ്.

ഒമ്പത് പേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. മഴ മാറി നിൽക്കുകയാണെങ്കിലും മണ്ണും വെള്ളവും മരങ്ങളും പാറക്കല്ലുകളും എല്ലാം വന്നടിഞ്ഞ് ഒരു പ്രദേശമാകെ പ്രളയമെടുത്ത പുത്തുമലയിൽ അത്രപെട്ടെന്ന് രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ പറ്റില്ലെന്നാണ് വിലയിരുത്തൽ. മിക്കയിടത്തും കാലുവച്ചാൽ താഴ്ന്ന് പോകുന്നതരത്തിൽ ചതുപ്പുകൾ രൂപപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും രക്ഷാപ്രവർത്തകർക്ക് പോലും ചെന്നെത്താൻ കഴിയാത്ത അവസ്ഥയുമാണ്.