ചാവക്കാട്: നഗരത്തിൽ വെള്ളക്കെട്ടിൽ വെദ്യുതി ലൈൻ പൊട്ടി വീണ് യുവാവ് മരിച്ചു. പാലപ്പെട്ടി സ്വദേശി തെക്കൂട്ട് വീട്ടിൽ ശംസുദ്ധീൻ മകൻ ഷാരിഖ് (24)ആണ് മരിച്ചത്. മണിപ്പാൽ യൂണിവേഴ്സിറ്റി സുവോളജി വിദ്യാർഥിയാണ് ഷാരിഖ്. ഏനാമാവ് റോട്ടിൽ എം കെ സൂപ്പർമാർക്കാറ്റിന് മുന്നിലെ വെള്ളക്കെട്ടിലാണ് സംഭവം. ഇന്നു പുലർച്ച അഞ്ചു മണിയോടെ അതുവഴി പോയ പാൽ വണ്ടിക്കാരാണ് സംഭവം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൈവേ പെട്രോൾ പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. വെള്ളക്കെട്ടിൽ റോഡിലെ കാനയിൽ ചലനമറ്റു കിടക്കുന്ന ശാരിഖിനെ എടുക്കാൻ ശ്രമിച്ച പൊലീസുകാർക്കും ഷോക്കേറ്റു. തുടർന്ന് കെ എസ് ഇ ബി ജീവനക്കാർ എത്തി വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ.
വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഇതിലെയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു. ദന്ത ഡോക്ടർ ആയ സഹോദരി സജന ശംസുദ്ധീനെ സന്ദർശിച്ചു മടങ്ങവെയാണ് അപകടം എന്നാണ് നിഗമനം.