1. കാലവര്‍ഷം ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് 50 അടിയോളം ഉയരത്തില്‍ മണ്ണ് നിറഞ്ഞു കിടക്കുക ആണ്. ദുരന്ത നിവാരണ സേനയും കവളപ്പാറയില്‍ തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്. 45 വീടുകളാണ് ഇവിടെ മണ്ണിന് അടിയില്‍ പെട്ടുപോയത്. 50 അടിയോളം ആഴത്തില്‍ മണ്ണ് ഇളക്കി നീക്കിയാല്‍ മാത്രമേ ഉള്ളില്‍ കുടുങ്ങിയവയെ കണ്ടെത്താന്‍ സാധിക്കൂ. പ്രതികൂല കാലാവസ്ഥ കാരണം മുണ്ടേരിയിലെ ആദിവാസി കോളനികളില്‍ ഒറ്റപ്പെട്ടു പോയ 200-ല്‍ അധികം പേര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമം തത്കാലം നിറുത്തിവച്ചു
2. വലിയ ദുരന്തം വിതച്ച വയനാട്ടിലെ പുത്തു മലയിലും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങിയിട്ടുണ്ട്. ഇവിടെ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതായി വിവരം. ഇതോടെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇനിയും 7പേരെ കണ്ടെത്തണം. 10 മുതല്‍ 15 അടി വരെ ഉയത്തിലാണ് പുത്തുമലയില്‍ മണ്ണ് കുന്നുകൂടി നില്‍ക്കുന്നത്. ഫയര്‍ഫോഴ്സ്, ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍, പൊലീസ്, സൈന്യം എന്നിവര്‍ സംയുക്തം ആയാണ് പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണ്ണ് മാറ്റി ആളുകളെ പുറത്ത് എത്തിക്കുക ആണ് നിലവില്‍ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ ചെയ്യുന്നത്
3. പുത്തുമലയില്‍ ഇന്നലെ മണ്ണിടിച്ചല്‍ ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ശക്തമായതിനെ തുടര്‍ന്ന് പുത്തുമല പോലെ സമാനമായ രീതിയിലുള്ള മലയോര മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അവലോകന യോഗം തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ മാത്രം രണ്ടായിരത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എലിവയല്‍, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നാണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്. ജില്ലയില്‍ ഇരുന്നൂറിലധികം ദുരിതാശ്വാസ ക്യമ്പുകളിലായി 35,000-ല്‍ അധികം ആളുകള്‍ കഴിയുന്നുണ്ട്. ശക്തമായ മടവീഴ്ചയെ തുടര്‍ന്ന് കുട്ടനാട്ടില്‍ മൂന്ന് പാടശേഖരങ്ങള്‍ വെള്ളത്തിന് അടിയില്‍. നിരവധി വീടുകളില്‍ വെള്ളം കയറി ആളുകളെ മാറ്റി പാര്‍പ്പിക്കുന്നു.
4. മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മഴകുറയും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വയനാട്ടില്‍ മഴ കുറയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതിന്റെ നാലില്‍ ഒന്നായി മഴയുടെ ശക്തി കുറഞ്ഞു എന്ന് റിപ്പോര്‍ട്ട്. കാസര്‍കോടും പാലക്കാട്ടും മഴയ്ക്ക് നേരിയ കുറവുണ്ട്. എന്നാലും ദുരന്ത സാധ്യത മുന്നില്‍ കണ്ട് വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുക ആണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്
5. തെക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതു മൂലം മഴ ശക്തം ആകില്ലെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അടക്കം 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ 1,65,519 പേരാണ് കഴിയുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ശക്തമായ മഴയിലും കാറ്റിലും മലവെള്ള പാച്ചിലിലും വെള്ളക്കെട്ടിലും പെട്ട് സംസ്ഥാനത്താകെ 198 വീടുകള്‍ പൂര്‍ണമായും 2303 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി അധികൃതര്‍. മഴക്കെടുതികളില്‍ ഇതുവരെ 63 പേരാണ് മരിച്ചത്
6. അതേസമയം, കോഴിക്കോട് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഒഴുക്കില്‍പ്പെട്ട് കാണാതായ ഫാസിലിന്റെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ കോഴിക്കോട് മരിച്ചവരുടെ എണ്ണം 16 ആയി. മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഒരുകുടുംബത്തിലെ മൂന്നു പേരെ ആണ് കാണാതായത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ആണ് തിരച്ചില്‍ പുരോഗമിക്കുന്നത്
7. പ്രളയം കേരളത്തിന്റെ സാമ്പദ് ഘടനയ്ക്ക് കനത്ത ആഘാതം എന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയണം. സര്‍ക്കാര്‍ ആ നിലയില്‍ പ്രവര്‍ത്തിക്കും എന്നും ധനമന്ത്രി ഉറപ്പ് നല്‍കി. പൊതു സമൂഹം ദുരിത ബാധിതരെ സഹായിക്കാന്‍ മുന്നോട്ട് വരണം. പ്രളയ സെസ് തുടരും എന്നും തോമസ് ഐസക് പറഞ്ഞു.
8. അതേസമയം, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് എതിരെ സാമൂഹ മാദ്ധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുത് എന്നും ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതികരണം, ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വകമാറ്റി ചിലവഴിക്കുന്നുണ്ട് എന്നും ആരും സംഭാവനകള്‍ നല്‍കരുത് എന്നും ഉള്ള തരത്തില്‍ വാര്‍ത്തകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന പശ്ചാത്തലത്തില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ദുരിത ആശ്വാസത്തിന് അല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ആകില്ല എന്നും മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
9. രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്കു ശേഷം രണ്ടിന് കരിപ്പൂരിലെത്തുന്ന രാഹുല്‍ നിലമ്പൂര്‍ കോട്ടക്കല്ല്, മമ്പാട് എം.ഇ.എസ് , എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലെത്തും. മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും രാഹുല്‍ പങ്കെടുക്കും. തുടര്‍ന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ തിങ്കളാഴ്ച രാലിലെ കല്‍പറ്റയില്‍ എത്തി ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുകയും കല്കടറേറ്റിലെ അവലോകന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യും
10. വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്ന് ഉച്ചക്ക് 12ന് പ്രവര്‍ത്തന സജ്ജമാകും. വ്യാഴഴ്ച രാത്രി മുതല്‍ ആണ് വിമാനത്താവളം അടച്ചിട്ടത്. എട്ടു മണിയോടെ ബോര്‍ഡിംഗ് പാസ് കൊടുത്തു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വിമാന താവളത്തിലെ വെള്ളം വറ്റിക്കാനായി പമ്പിങ് ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം ഇന്നും തടസ്സപ്പെടും. ഏഴ് സര്‍വീസുകള്‍ പൂര്‍ണ്ണമായും ഒരു സര്‍വീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
|
|
|