cow

രണ്ടാമതൊരു പ്രളയത്തിന്റെ ദുരിതക്കയത്തിലാണ് കേരളം. വെള്ളപ്പൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയും ആഘാതത്തിൽ നാടും മനുഷ്യരും വിറങ്ങലടിച്ചിരിക്കുമ്പോഴും ശ്രദ്ധ കിട്ടാതെ ഒരു വിഭാഗമുണ്ട്. വളർത്തു മൃഗങ്ങളായ ഒരു കൂട്ടം നാൽക്കാലികൾ. പ്രളയക്കെടുതിയിൽ നിന്ന് രക്ഷ നേടുന്നതിനായി ജീവൻ കൈയിൽ പിടിച്ചോടുമ്പോൾ പലരും അന്നാൾ വരെയും തങ്ങൾക്ക് അന്നമേകിയ, കൂട്ടായുണ്ടായ കാലികളെ ഒരു പക്ഷേ ശ്രദ്ധിച്ചെന്നു വരില്ല. എന്നാൽ ഇപ്പോഴിതാ മുട്ടോളം വെള്ളത്തിൽ മുങ്ങിയ മൃഗാശുപത്രിയിൽ വൈദ്യുതി ഇല്ലാതിരുന്നിട്ടു പോലും ന്റസ്‌റ്റൈനൽ ഹെർണിയയോട് കൂടി ജനിച്ച പശുക്കിടാവിന്റെ ജീവൻ രക്ഷപ്പെടുത്താൻ ഇടപെട്ട മൃഗഡോക്‌ടറുടെ വാർത്ത ശ്രദ്ധേയമാവുകയാണ്.

കോഴിക്കോട് മൈക്കാവ് മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. നിതിനാണ് മെഴുകു തിരി വെളിച്ചെത്തിൽ പശുക്കിടാവിന്റെ അടിയന്തിര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഇതുസംബന്ധിച്ച് ഡോ.മുഹമ്മദ് ആസിഫ് എഴുതിയ കുറിപ്പ് ഇങ്ങനെ-

'മുട്ടോളം വെള്ളത്തിൽ മൃഗാശുപത്രി, വൈദ്യുതിയുമില്ല, എങ്കിലും അളവിലേറെയുള്ള ആത്മാർത്ഥയെ തോൽപിക്കാൻ പരിമിതികൾക്കാവുമോ...

ഇല്ല, തീർച്ച 'പ്രൊഫഷണൽ സ്പിരിറ്റിനെ' തോൽപ്പിക്കാൻ ഒരു പ്രളയത്തിനുമാവില്ല.. ഇന്റസ്‌റ്റൈനൽ ഹെർണിയയോട് കൂടി ജനിച്ച പശുക്കിടാവിന്റെ ജീവൻ രക്ഷപ്പെടുത്താൻ അടിയന്തിര ശസ്ത്രക്രിയ തന്നെ പോംവഴി. എന്നാൽ, കോഴിക്കോട് മാവൂരിലെ മൃഗാശുപത്രി കരകവിഞ്ഞൊഴുകിയെത്തിയ ചാലിയാറിനടിയിൽ, അതും ഒരു നിലയോളം പൊക്കത്തിൽ വെള്ളം. സാഹചര്യങ്ങൾ അത്രയും പ്രതികൂലം.

ഒടുവിൽ മാവൂരിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം കർഷകൻ പശുക്കിടാവിനെയും കൊണ്ട് മൈക്കാവിലെ മൃഗാശുപത്രിയിലെത്തിയപ്പോൾ അവിടെ വൈദ്യുതിയുമില്ല, മുട്ടോളമെത്തിത്തുടങ്ങിയ വെള്ളവും. പരിമിതികളെ പഴിചാരി തളർന്നിരിക്കാൻ കഴിയുമോ ?. ഇന്നലെ രാത്രി കോഴിക്കോട് മൈക്കാവ് മൃഗാശുപത്രിയിൽ സ്ഥലം വെറ്ററിനറി സർജൻ ഡോ. നിതിൻ മെഴുകുതിരി വെട്ടത്തിൽ പശുക്കിടാവിന്റെ അടിയന്തിര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നു.

#പ്രളയമുഖത്ത് നിന്ന് രക്ഷപ്പെടുത്തിയ മൃഗങ്ങൾക്ക് ചികിത്സകൾ ലഭ്യമാക്കാനും കർഷകർക്ക് കൈത്താങ്ങാവാനും ഇതുപോലെ വയനാട്ടിലും മലപ്പുറത്തും പ്രത്യേകിച്ച് നിലമ്പൂരും പനമരത്തുമെല്ലാം വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ കയ്യും മെയ്യും മറന്ന് രംഗത്തുണ്ട്.

മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കായും ദുരിതാശ്വാസക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.

#ആദരവ്, നൂറുനൂറാദരവ്‌'