കൊൽക്കത്ത: ഭക്ഷണം ഡെലിവർ ചെയ്യുന്നത് പലപ്പോഴും തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നാരോപിച്ച് നാളെ മുതൽ സൊമാറ്റോയിലെ ഡെലിവറി ബോയ്സ് സമരത്തിനിറങ്ങുന്നു. കമ്പനിയിലെ ജീവനക്കാരുടെ മതവികാരത്തെ ഉപയോഗിക്കരുതെന്നാണ് ഇവരുടെ ആവശ്യം. പെരുന്നാൾ നടക്കാനിരിക്കെ ബീഫും പോർക്കും ഡെലിവർ ചെയ്യാനാവില്ലെന്ന നിലപാടിലാണ് ജീവനക്കാർ.
സൊമാറ്റോയുടെ അധികൃതരെ തങ്ങൾ പരാതി അറിയിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് അവർ പറഞ്ഞു. ‘അടുത്തിടെ ഒട്ടേറെ മുസ്‌ലിം റെസ്റ്റോറന്റുകൾ സൊമാറ്റോയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പക്ഷേ, ചില ഹിന്ദു ഡെലിവറി ബോയ്‌സ് ബീഫ് ഡെലിവർ ചെയ്യാൻ വിസമതിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ ഞങ്ങളോട് പോർക്ക് വിതരണം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഞങ്ങൾസമ്മതിച്ചില്ല.- സൊമാറ്റോ ജീവനക്കാരൻ പറഞ്ഞു.
തങ്ങൾക്ക് പണം നൽകുന്നതിലും ചില പ്രശ്നങ്ങളുണഅടെന്നും അവർ പറഞ്ഞു. ഈ പ്രശ്‌നങ്ങളൊക്കെയും ഞങ്ങൾ തമ്മിലുള്ള സഹോദരബന്ധത്തെ ബാധിക്കുന്നുണ്ട്. ഞങ്ങളുടെ മതം അനുവദിക്കാത്ത ഭക്ഷണം വിതരണം ചെയ്യേണ്ടിവരുന്നത് ഞങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുണ്ട്. കമ്പനിക്ക് എല്ലാമറിയാം. പക്ഷേ ഞങ്ങളെ സഹായിക്കുന്നതിനു പകരം ഞങ്ങൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് അവർ ചെയ്യുന്നത്.
ജീവിക്കാൻ വേണ്ടിയാണ് തങ്ങൾ ഭക്ഷണം ഡെലിവർ ചെയ്യുന്നതെന്നും എന്നാൽ, മതപരമായ അടിസ്ഥാന അവകാശത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും മറ്റൊരു ജീവനക്കാരൻ പറഞ്ഞു. കമ്പനിയിലെ മുസ്‌ലിംങ്ങളും ഹിന്ദുക്കളും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. കമ്പനി ഞങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു. അടിയന്തരമായി ഇതവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. തിങ്കളാഴ്ച മുതൽ തങ്ങൾ സേവനം അവസാനിപ്പിക്കുകയാണെന്നും ഇവർ പറഞ്ഞു. മുമ്പ് ഡെലിവറി ബോയ് അഹിന്ദുവായതിനാൽ ഓർഡർചെയ്ത ഭക്ഷണം മടക്കിയയച്ച യുവാവിന് സൊമാറ്റോ തക്കതായ മറുപടി നൽകിയിരുന്നു.