സമൂഹമാദ്ധ്യമങ്ങളിലെ പ്രചരണങ്ങളിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും വാളെടുക്കുന്നതെന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ആരും ഇതുവരെ പറഞ്ഞിട്ടില്ല. കഴിഞ്ഞ പ്രളയകാലത്ത് കേന്ദ്രം കേവലം അഞ്ഞൂറ് കോടിമാത്രമേ നൽകിയുള്ളൂ എന്ന് കള്ളപ്രചാരണം നടത്തിയവരാണ് ഇപ്പോഴും ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. കഴിഞ്ഞ പ്രളയത്തിൽ നിന്ന് ഒന്നും പഠിക്കാത്തവർ ജനങ്ങൾ ദുരിതത്തിലാവുമ്പോൾ കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുന്നുവെന്നു, ഒന്നിച്ചു നിൽക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാൻ ഉത്തരവാദപ്പെട്ടവർ തന്നെ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതമന്ത്രിയും വാളെടുക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല. ഉത്തരവാദപ്പെട്ടവരാരെങ്കിലും ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും പറഞ്ഞോ? കഴിഞ്ഞ പ്രളയ കാലത്തുമുഴുവൻ കേന്ദ്രം അഞ്ഞൂറു കോടിയേ തന്നുള്ളൂ എന്ന് കള്ളപ്രചാരണം നടത്തിയവരാണ് ഇപ്പോഴും ഈ കള്ളപ്രചാരവേല നടത്തുന്നത്. കഴിഞ്ഞ വർഷം കിട്ടിയ ദുരിതാശ്വാസ നിധിയിൽ നിന്ന് ഏതാണ്ട് പകുതി തുകയേ ചിലവഴിച്ചുള്ളൂ എന്നത് സംസ്ഥാന സർക്കാരിന്റെ തന്നെ കണക്കുകളാണ് ബോധ്യപ്പെടുത്തുന്നത്. എല്ലാ സംഘടനകളും തങ്ങളാലാവുന്ന വിധം ദുരിതമേഖലയിലും ക്യാമ്പുകളിലും സഹായിക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിൽ നിന്ന് ഒന്നും പഠിക്കാത്തവർ ജനങ്ങൾ ദുരിതത്തിലാവുമ്പോൾ കുറ്റം എന്തിന് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുന്നു? കണക്കുകൾക്ക് കള്ളം പറയാനാവില്ല. തന്നതും കൊടുത്തതുമെല്ലാം. ഒന്നിച്ചു നിൽക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാൻ ഉത്തരവാദപ്പെട്ടവർ തന്നെ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്.