daivamoni

വില്ലുപുരം: മകന്റെ വിവാഹം നടന്നു കാണണമെന്ന ഏതൊരു പിതാവിന്റെയും ആഗ്രഹം തന്നെയായിരുന്നു ദൈവമണിക്കും ഉണ്ടായിരുന്നത്. എന്നാൽ ആഗ്രഹം പൂർത്തികരിക്കുന്നതിന് മുമ്പേ ദൈവമണി യാത്രയായി. ഒടുവിൽ പിതാവിന്റെ ആഗ്രഹ സാഫല്യത്തിനായി തന്റെ വിവാഹം അച്ഛന്റെ മൃതദേഹത്തിന് മുന്നിൽ വച്ച് നടത്തി മകൻ. തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത തിണ്ടിവനത്താണ് വിചിത്രമായ വിവാഹം നടന്നത്.

തിണ്ടിവനം സ്വദേശിയും അദ്ധ്യാപകനുമായ അലക്‌സാണ്ടറും സഹപ്രവർത്തകയായ അന്നപൂർണാനിയും തമ്മിലാണ് വിവാഹം കഴിച്ചത്. സെപ്‌തംബർ രണ്ടിന് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ആഗസ്റ്റ് ഒമ്പതിന് ദേവമണി മരിച്ചു. തുടർന്നായിരുന്നു അച്ഛന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിനായി അലക്‌സാണ്ടർ ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്.

പിതാവിന്റെ മരണത്തെ തുടർന്ന് തന്റെ വീട്ടിൽവെച്ചുതന്നെ വിവാഹം നടത്തുന്നതിന് വധുവിന്റെ വീട്ടുകാരോട് അലക്സാണ്ടർ അനുവാദം ചോദിച്ചു. നേരത്തെ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനാണ് ഇരു വീട്ടുകാരും തീരുമാനിച്ചിരുന്നത്. വധുവിന്റെ ബന്ധുക്കൾ സമ്മതിച്ചതോടെ അന്നു വൈകുന്നേരം തന്നെ വിവാഹച്ചടങ്ങ് നടത്തുകയും ചെയ്തു. തുടർന്ന് വിവാഹപിറ്റേന്ന് തന്നെ ദൈവമണിയുടെ ശവസംസ്‌കാരം നടന്നു.