തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്‌ക്ക് ശമനം. വയനാട്ടിലും കോഴിക്കോട്ടും അടക്കം മഴ കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. എന്നാൽ, കൊല്ലം തൃശൂർ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. പുഴകളിലെ ജലനിരപ്പ് താഴുകയാണ്. അതേസമയം, മലപ്പുറം ജില്ലയിലെ കവളപ്പാറ, കോട്ടക്കുന്ന്, വയനാട് പുത്തുമല ,കോഴിക്കോട് വേളം എന്നിവിടങ്ങളിൽ നിന്നുമായി അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി.
കാലവർഷക്കെടുതിയിൽ സംസ്ഥാനത്താകെ മരണം 69 ആയി. മലപ്പുറം നഗരത്തിലെ കോട്ടക്കുന്നിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്നംഗകുടുംബത്തിലേതെന്നു കരുതുന്ന രണ്ടു പേരുടെ മൃതദേഹം മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. നേരത്തെ മലപ്പുറം കവളപ്പാറയിൽ രണ്ടും പുത്തുമലയിൽ ഒരാളുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ മണ്ണിനടിയിൽ പെട്ടവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. പുത്തുമലയിൽ ഏഴു പേരെയും കവളപ്പാറയിൽ 52 പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്.
അതേസമയം, ചാലിയാർ കരകവിഞ്ഞതിനെത്തുടർന്ന് കാട്ടിൽ ഇരുനൂറിലധികം ആളുകൾ കുടുങ്ങിക്കിടക്കുന്ന വാണിയമ്പുഴയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹെലികോപ്റ്ററിൽ ഇവിടെയുള്ളവർക്ക് ഭക്ഷണമെത്തിച്ചു. ചാലിയാറിലെ ഒഴുക്കിന് കുറവുള്ളതിനാൽ ബോട്ട് മാർഗം ആളുകളെ ഇക്കരെയെത്തിക്കുന്നതിനും ശ്രമം ആരംഭിച്ചു.