ശ്രീനഗർ: കാശ്മീർ താഴ്‌വര ശാന്തമാകുന്നുവെന്ന ആശ്വാസ വാർത്തയ്ക്ക് പിന്നാലെ ശ്രീനഗറിൽ ഇന്നലെ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ പുനസ്ഥാപിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിതെന്നാണ് വിവരം.
ബലി പെരുന്നാളിന് മുന്നോടിയായി കാശ്മീർ താഴ്വരയിലെ നിയന്ത്രണങ്ങൾ വെള്ളിയാഴ്ച ഭാഗികമായി പിൻവലിച്ചിരുന്നു. എ.ടി.എം കൗണ്ടറുകളും ബാങ്ക് ശാഖകളും തുറന്നു പ്രവർത്തിച്ചിരുന്നു. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. എന്നാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തുന്ന ഉത്തരവുകളും അറിയിപ്പുകളും ഉച്ചഭാഷിണിയിലൂടെ വന്നുതുടങ്ങിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.ജനങ്ങളോട് വീടുകളിലേക്ക് പോകാനും കച്ചവടക്കാരോട് കടകൾ അടക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അറിയിപ്പ് മൈക്കിലൂടെ നിരന്തരമായി പൊലീസ് നൽകുന്നുണ്ട്.
കശ്മീരിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ലെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും സംസ്ഥാന പൊലീസ് മേധാവി ട്വീറ്റ് ചെയ്തിരുന്നു. കാശ്മീരിലെ സ്ഥിതി മോശമാണെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചതിന് പിന്നാലെയായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം. കാശ്മരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജമ്മു കശ്മീർ ഡി.ജി.പി ദിൽബാഗ് സിംഗ് അവകാശപ്പെട്ടു. ചെറിയ തോതിലുള്ള കല്ലേറ് അതത് സ്ഥലങ്ങളിൽ തന്നെ കർശനമായി കൈകാര്യം ചെയ്യുകയും മുളയിലേ നുള്ളിക്കളയുകയും ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.ഇതിന് പിന്നാലെയാണ് വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയത്.
പ്രതിഷേധം ശക്തമോ?
ശ്രീനഗറിലെ സോറയിൽ 10,000ത്തോളം പേർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതായി റോയിട്ടേഴ്സും ബി.ബി.സിയും അൽ ജസീറയും വാഷിംഗ്ടൺ പോസ്റ്റുമടക്കമുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായും നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. പത്തോ ഇരുപതോ പേരുള്ള വെറും തെരുവ് പ്രകടനങ്ങൾ മാത്രമാണ് നടന്നത് എന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ശ്രീനറിലും ബാരാമുള്ളയിലും ചെറിയ കല്ലേറ് മാത്രമാണുണ്ടായത് എന്നാണ് പൊലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞത്. അതേസമയം വലിയ ജനക്കൂട്ടം പങ്കെടുത്ത പ്രതിഷേധത്തിന്റെ വീഡിയോ ബി.ബി.സി പുറത്തുവിട്ടിട്ടുണ്ട്.