rajani

ചെന്നൈ: കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് നേരത്തേ റദ്ദാക്കേണ്ടതായിരുന്നുവെന്നും ഇനി കാശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ അവസാനിക്കുമെന്നുറപ്പാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എഴുതിയ “ലിസണിംഗ്, ലേണിംഗ്, ലീഡിംഗ്” എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

'കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് 370-ാം വകുപ്പ് റദ്ദാക്കി കഴിഞ്ഞുള്ള കാര്യങ്ങളെ ഓർത്ത് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. എനിക്കുറപ്പാണ് കാശ്മീരിൽ ഭീകരത അവസാനിക്കും. ഇത് വികസനത്തിലേക്കുള്ള വഴിയൊരുക്കും.” - അമിത് ഷാ പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച നടൻ രജനികാന്ത് അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, മഹാഭാരതത്തിലെ അർജുനനും ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തി. ഇതിൽ അർജുനൻ ആരാണെന്നും കൃഷ്ണൻ ആരാണെന്നും മോദിക്കും ഷായ്ക്കും മാത്രമേ അറിയുകയുള്ളൂവെന്നും രജനി പറഞ്ഞു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെയും അതിന് ശേഷം കാശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയ ആഭ്യന്തര മന്ത്രി അമിത് ഷായെയും രജനികാന്ത് വാനോളം പുകഴ്ത്തി. വാർത്താ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ അമിത് ഷായാണ് പുസ്തകം പുറത്തിറക്കിയത്.