ഇസ്ലാമാബാദ് : ഭരണഘടനയിൽ ജമ്മുകാശ്മീരിന് നൽകിയിരുന്ന സവിശേഷ അധികാരങ്ങൾ പിൻവലിച്ച ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരബന്ധങ്ങൾ നിർത്തലാക്കിയത് പാകിസ്ഥാന് തിരിച്ചടിയാവുന്നു. നയതന്ത്രതലത്തിലെ നിയന്ത്രണങ്ങൾ കൂടാതെയാണ് ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങൾക്കും പാകിസ്ഥാൻ ചുവപ്പുകൊടി കാട്ടിയത്. എന്നാൽ ഈദ് ആഘോഷങ്ങളിലേക്ക് കടക്കാനൊരുങ്ങവേ പാക് സർക്കാരിന്റെ നീക്കം പ്രതിഫലിച്ചത് അവരുടെതന്നെ വിപണിയിലാണ്. പണപ്പെരുപ്പം കൊണ്ട് നട്ടം തിരിയുന്ന പാകിസ്ഥാന് മറ്റൊരു പ്രഹരമായി മാറിയിരിക്കുകയാണിത്.
ഇന്ത്യയിൽ നിന്നുള്ള പച്ചക്കറികൾക്ക് പാകിസ്ഥാൻ മികച്ച വിപണിയായിരുന്നു. പ്രത്യേകിച്ച് പഞ്ചാബിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ അതിർത്തി കടന്ന് പാകിസ്ഥാനിലെത്തിയിരുന്നു. പാക് സർക്കാരിന്റെ തീരുമാനം വന്ന് ഒരാഴ്ച തികയുന്നതിന് മുൻപേ വിപണിയിൽ വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഉള്ളി ഇറക്കുമതി നിലച്ചതോടെ വില മാനം തൊട്ടിരിക്കുകയാണ് ഇപ്പോൾ. ഒരാഴ്ച മുൻപുവരെ ഒരു കിലോ ഉള്ളിക്ക് 40 പാക് രൂപവിലയുണ്ടായിരുന്നത് ഇപ്പോൾ 70വരെയായി ഉയർന്നിട്ടുണ്ട്. 20രൂപ വിലയുണ്ടായിരുന്ന കാബേജിന് 80ആയി ഉയരുകയും ചെയ്തു.ഇന്ത്യയെകൂടാതെ ചൈനയിൽ നിന്നും പാകിസ്ഥാൻ പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇനിയും ഉള്ളിവില കൂടുമെന്നാണ് വ്യാപാരിയായ ഇഫ്തിഖർ പറയുന്നത്. പാക് പ്രധാനമന്ത്രി എന്താ തങ്ങൾ പുല്ലുതിന്നുമെന്നാണോ കരുതുന്നതെന്നും രോഷത്തോടെ ചോദിക്കുന്നു. ഈദ് ആഘോഷങ്ങൾ കഴിഞ്ഞാൽ പാകിസ്ഥാനിൽ കല്യാണസീസൺ തുടങ്ങുകയാണ്. രൂക്ഷമായ വിലക്കയറ്റം കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത തകർക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം പാകിസ്ഥാന്റെ സാമ്പത്തിക നില ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. പാക് റുപ്പിയുടെ മൂല്യം ഡോളറിന് 92 ആയി ഇടിഞ്ഞിരിക്കുകയാണ്.