ബംഗളൂരു/ മുംബയ്: കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. കർണാടകയിലും മഹാരാഷ്ട്രയിലും മഴയുടെ തീവ്രത അല്പം കുറഞ്ഞപ്പോൾ, ഗുജറാത്തിൽ മരണസംഖ്യ 11 ൽനിന്ന് 19 ആയി ഉയർന്നു. ഗുജറാത്ത് സൗരാഷ്ട്ര, മദ്ധ്യഗുജറാത്ത് ഭാഗത്താണ് മഴ കൂടുതൽ നാശം വിതച്ചത്. മഴയിൽ മതിലിടിഞ്ഞും കെട്ടിടം തകർന്നും 16 പേർ മരിച്ചു. കർണാടകയിൽ മരണം 26 ആയി. മദ്ധ്യപ്രദേശിൽ നിന്നുള്ള കൺസ്ട്രക്‌ഷൻ ജോലിക്കാരും അവരുടെ കുടുംബവും ഉൾപ്പെടെ എട്ട് പേരും, രണ്ട് കുട്ടികളുമാണ് മതിലിടിഞ്ഞ് മരിച്ചത്. ഗുജറാത്ത് ഖേദാ ജില്ലയിൽ കെട്ടിടം തകർന്ന് ഒരു വയസുള്ള കുട്ടിയടക്കം നാല് പേരും മരിച്ചു. 5 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഡാമുകൾ 60 ശതമാനം വരെ വെള്ളം നിറഞ്ഞതായും, ദക്ഷിണ ഗുജറാത്തിൽ ശരാശരി വാർഷിക മഴയുടെ 98.31 ശതമാനം വരെ ലഭിച്ചതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ വരൾച്ചാ പ്രദേശങ്ങളില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. 6,000ത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പശ്ചിമ മഹാരാഷ്ട്രയിൽ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ സാധാരണ നിലയിലെത്താൻ ഇനിയും രണ്ടോ മൂന്നോ ദിവസമെടുത്തേക്കാം. മഹാരാഷ്ട്രയിൽ 4 ലക്ഷത്തിലേറെപ്പേരാണു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. സാംഗ്ലിയിൽ നാവികസേനയുടെ 26 സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.