quarry

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മാണിക്കൽ ഗ്രാമ പഞ്ചായത്തിലുള്ളവർ വയനാട്ടിലേയും മലപ്പുറത്തേയും ഉരുൾപൊട്ടൽ വാർത്തകൾ കാണുന്നത് ഭയന്ന് വിറച്ചാണ്. ഒരു മലയുടെ താഴ്‌വാരത്തിലായിട്ടാണ് നൂറുകണക്കിന് കുടുംബങ്ങൾ ഈ ഗ്രാമത്തിൽ പാർക്കുന്നത്. പാറക്വാറികൾ നിർത്താതെ പ്രവർത്തിക്കുന്ന ഈ മലയുടെ ചുവട്ടിൽ ഭയപ്പാടോടെയാണ് ജനം ഇപ്പോൾ കഴിയുന്നത്. വയനാട്ടിലും മലപ്പുറത്തും സംഭവിച്ചപോലെ പെരുമഴ തിരുവനന്തപുരത്തും പെയ്തിറങ്ങിയാൽ ഉരുൾപൊട്ടലുണ്ടാവുമെന്ന ഭയപ്പാടിലാണ് ക്വാറിക്കടുത്തുള്ള താമസക്കാർ. നാല് വർഷം മുൻപാണ് ഇവിടെ ക്വാറി പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് രാഷ്ട്രീയ കക്ഷികളൊന്നായി സമരരംഗത്തിറങ്ങിയെങ്കിലും ക്രമേണ സമരത്തിന്റെ തീഷ്ണത കുറയുകയായിരുന്നു. പാറപൊട്ടിക്കുന്ന ആഘാതത്താൽ അടുത്തുള്ള വീടുകളിൽ വിള്ളൽ വീഴുന്ന സംഭവമുണ്ടായിട്ടും ഇതൊന്നും കാണാതെ അറിയാത്തതുപോലെ കണ്ണടയ്ക്കുകയാണ് അധികാരികൾ. ജിതിൻ ജിത്തു എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തലസ്ഥാന ജില്ലയിലെ നൂറിനുമുകളിൽ കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നം ജനശ്രദ്ധയിലേക്ക് എത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


ജനങ്ങളുടെ പ്രാർത്ഥന ഈ ഗ്രാമത്തിനോടും വേണം ഒരു നാട് മുഴുവനായും നശിക്കുവാൻ പോവുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് ഇവിടത്തെ ജനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മാണിക്കൽ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കാഴ്ചയാണിത്.വടക്കൻ കേരളത്തിലെ കവളപ്പാറയിലും, മേപ്പാടിയിലും സംഭവിച്ചത് ഇവിടെയും സംഭവിക്കാം.


വയനാട്ടിലും കണ്ണൂരിലും മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ പെയ്ത മഴ തിരുവനന്തപുരത്തും പെയ്താൽ തീർച്ചയായിട്ടും ഇവിടെയും സംഭവിക്കാം ഒരു വലിയ ഉരുൾപ്പൊട്ടൽ. ഈ ഒരു മലയുടെ താഴ്വരയിൽ നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.

കേരളമാകെ പ്രളയഭീതിയിലായിരുന്നിട്ട് പോലും, സംസ്ഥാന സർക്കാർ പ്രളയത്തിനോടനുബന്ധിച്ച് ഖനന പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ട് പോലും ഇവിടെ ഇന്നും പ്രവൃത്തിച്ച് കൊണ്ടിരിക്കുകയാണ്. പണത്തിന്റെ പിൻബലത്തിൽ പല ഉദ്യോഗസ്ഥരെയും ഇവർ ഇതിനോടകം തന്നെ സ്വാധീനിച്ചു കാണും. നമുക്കറിയാം ആഗോള താപനം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കാരണമാണ് ഈ സീസണിലും കേരളത്തെ വീണ്ടും പ്രളയത്തിലേക്ക് നയിച്ചത്.ഇതിനൊക്കെ കാരണക്കാരാണ് ഇത് പോലുള്ള ഖനന മാഫിയകൾ.

സർക്കാർ ഭൂമിയിൽ പോലും അവർ കൈയേറി ഖനനം നടത്തുകയാണ്. വകുപ്പ്തല ഊദ്യാഗസ്ഥർക്ക് ഇതിനൊക്കെ എത്രമാത്രം പങ്കുണ്ടെന്ന് ഇതുവരെയും പിടികിട്ടിയിട്ടുമില്ല. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങൾ ഇവിടത്തെ മനുഷ്യരെ ശ്വാസകോശ രോഗികളാക്കി. കരിങ്കൽ ചീളുകൾ ദിവസേന നൂറ് കണക്കിന് ടിപ്പറുകളിൽ മലയിറങ്ങിയപ്പോൾ ഈ പ്രദേശങ്ങളിൽ രൂപപെടുന്നത് ആഴമേറിയ കുഴികളാണ്.ഈ കുഴികളെല്ലാം വെള്ളം നിറഞ്ഞു കിടക്കുന്നു.പാറ ഖനനത്തിന് സൗകര്യാർത്ഥം കാടുകൾ വെട്ടി വെളുപ്പിച്ചത് മൂലവും, പാറകൾക്ക് ആവരണമായിരുന്ന മണ്ണുകൾ ഇടിച്ച് നീക്കിയതും ഉരുൾപ്പൊട്ടലിന് കാരണമാകുമെന്ന ആശങ്കയിലാണ് ഇവിടത്തെ ജനങ്ങൾ.

ഈ ഒരു പോസ്റ്റിന് എന്ത് മാത്രം വികാരം ഉണ്ടെന്ന് ചിലപ്പോൾ ഇത് വായിക്കുന്ന സുഹൃത്തുക്കൾക്ക് മനസിലാകാൻ ഇടയില്ല. പ്രകൃതിയോട് ചെയ്യുന്ന ഈ ക്രൂരത പറഞ്ഞറിയിക്കാൻ പറ്റാത്തത്തിലും അപ്പുറത്താണ് ഇവിടെ നടക്കുന്നത്. എല്ലാവരും ഇത് ഷെയർ ചെയ്യുക അധികൃതരുടെ മുന്നിൽ എത്തിക്കുക .തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ പഞ്ചായത്തിലെ മദപുരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്രഷറിന്റെ പ്രവർത്തനാനുമതി റദ്ദാക്കുന്നത് വരെ ഈ പോസ്റ്റ് ഷെയർ ചെയ്യുക

വയനാട്ടിലും മലപ്പുറത്തും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വലിയ ദുരന്തം നാളെ ഈ ഗ്രാമത്തിലും വരാതിക്കട്ടെ