മുംബയ്: പ്രളയം വിഴുങ്ങിയ ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ ബോട്ടിലിരുന്ന് ചിരിച്ചുകൊണ്ട് സെൽഫിയെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത മന്ത്രി ഗിരീഷ് മഹാരാജനെതിരായ വിമർശനം തണുപ്പിക്കാനായി മന്ത്രി സാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന വീഡിയോ പുറത്തുവിട്ട് ബി.ജെ.പി.
മന്ത്രി പ്രളയജലത്തിൽ നീന്തി രക്ഷാപ്രവർത്തനം നടത്തുന്നത് വീഡിയോയിൽ കാണാം. ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണിത് പുറത്തുവിട്ടത്.
മഹാരാഷ്ട്രയിൽ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച സാംഗ്ലി ജില്ലയിൽ വച്ചാണ് ഗിരീഷ് മഹാരാജൻ സെൽഫിയും വീഡിയോയുമെടുത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. നൂറുകണക്കിന് ആളുകൾക്ക് ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട് മരണമുഖത്ത് നിൽക്കുമ്പോൾ മന്ത്രി പ്രളയത്തിനു നടുവിലെ ബോട്ട് യാത്ര ആസ്വദിക്കുകയാണെന്ന് വിമർശനമുയർന്നു. വെള്ളിയാഴ്ച മാത്രം പ്രളയത്തെ തുടർന്ന് 9 പേർ മരിച്ച സാംഗ്ലിയിൽ വച്ച് ചിരിച്ചുല്ലസിച്ച് സെൽഫിയെടുത്ത ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജന് തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകണമെന്നും ചിലർ പറഞ്ഞു. സംഭവം ദേശീയ മാദ്ധ്യമങ്ങളടക്കം വാർത്തയാക്കിയിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ ഇത്തരമൊരു വിവാദമുണ്ടാക്കിയത് ബി.ജെ.പിയെ സമ്മർദ്ദത്തിലാക്കി. തുടർന്ന് പ്രളയബാധിത പ്രദേശങ്ങളിലൂടെ രക്ഷാപ്രവർത്തകരോടൊപ്പം കഴുത്തൊപ്പം വെള്ളത്തിൽ നീന്തുന്ന
മന്ത്രിയുടെ സാഹസിക രക്ഷാപ്രവർത്തന വീഡിയോ പാർട്ടി ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. ഇങ്ങനെയാണ് ബി.ജെ.പി എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നതെന്നായിരുന്നു അടിക്കുറിപ്പ്.