ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നേതൃത്വം കൊണ്ടുമാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. വെങ്കയ്യ നായിഡുവിന്റെ പുസ്തകമായ ലിസണിംഗ് ലേണിംഗ് ആൻഡ് ലീഡിംഗിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത്ഷാ.
'പണ്ട് എ.ബി.വി.പി അംഗമായിരുന്ന സമയത്ത് വെങ്കയ്യ നായിഡു ആർട്ടിക്കിൾ 370നെതിരെ സമരം ചെയ്തിരുന്നു.അദ്ദേഹത്തിന്റെ കോളേജിലെ പ്രൊഫസർ താങ്കൾ എന്നെങ്കിലും കാശ്മീർ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചു. നമുക്ക് രണ്ട് കണ്ണുകളുണ്ട്. അത് പരസ്പരം കാണുന്നില്ലെങ്കിലും ഒരു കണ്ണിന് അപകടം പറ്റിയാൽ മറ്റേ കണ്ണിൽ നിന്ന് കണ്ണീർ വരുമെന്നായിരുന്നു വെങ്കയ്യ നായിഡു അദ്ദേഹത്തിന് മറുപടി നൽകിയത്'-അമിത്ഷാ ഓർമ്മിപ്പിച്ചു.
ഈ ആർട്ടിക്കിൾ കൊണ്ട് കാശ്മീരിനോ രാജ്യത്തിനോ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും ജമ്മുകാശ്മീരിന് ഭീകരവാദത്തിന് അറുതി വരുത്താൻ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ സാധിക്കുമെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.