dabolker

പൂനെ: മനുഷ്യാവകാശ പ്രവർത്തകനും യുക്തിവാദിയുമായ നരേന്ദ്ര ധബോൽക്കറെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായി അറബിക്കടലിൽ തെരച്ചിൽ നടത്താനൊരുങ്ങി സി.ബി.ഐ. വിദേശകമ്പനിക്കു തെരച്ചിലിനുള്ള കരാർ നൽകിയതായും സി.ബി.ഐ പൂനെ കോടതിയിൽ വ്യക്തമാക്കി. തെരച്ചിലിനായി മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചതായും അനുമതി ലഭിക്കാതിരുന്നതിനാലാണ് തെരച്ചിൽ നടത്താതിരുന്നതെന്നും സി.ബി.ഐ കോടതിയിൽ അറിയിച്ചു.

2013 ആഗസ്റ്റ് 20ന് പൂനെയിൽ വീടിനു സമീപം പ്രഭാത സവാരിക്കിടെയാണ് ധബോൽക്കർ മോട്ടോർബൈക്കിൽ വന്ന അക്രമികളുടെ വെടിയേറ്റു മരിക്കുന്നത്. അന്ധവിശ്വാസങ്ങൾക്ക് എതിരെ പോരാടുന്ന ധബോൽക്കറും സനാതൻ സൻസ്തയും തമ്മിലുള്ള ആശയപരമായ ഭിന്നതകളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സി.ബി.ഐ നിഗമനം. സംഭവത്തിൽ സനാതൻ സൻസ്ത അംഗവും അഭിഭാഷകനുമായ സഞ്ജീവ് പുനലേക്കർ, വിക്രം ഭേവ് എന്നിവരെ സി.ബി.ഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം അറസ്റ്റിലായ സനാതൻ സൻസ്ത ബന്ധമുള്ള ഷാർപ് ഷൂട്ടർമാർ ശരദ് കലസ്‌കറും സച്ചിൻ ആൻഡുറെയും ധബോൽക്കറെ തങ്ങളാണു വെടിവച്ചു കൊലപ്പെടുത്തിയതെന്നു കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ കൊലയ്ക്ക് ഉപയോഗിച്ച തോക്കും ഇവർ സഞ്ചരിച്ച വാഹനവും കണ്ടെത്താനായിട്ടില്ല.
ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ്, ധബോൽക്കറിനെ വെടിവച്ചിട്ട രീതി വിശദീകരിച്ചത്. 14 പേജ് നീളുന്ന കുറ്റസമ്മതത്തിൽ ഗോവിന്ദ് പൻസാരെയുടെ കൊലപാതകത്തിലെ പങ്കും സമ്മതിക്കുന്നുണ്ട്. 2013 ആഗസ്റ്റിൽ ധബോൽക്കർ പൂനെയിലും, 2015 ഫെബ്രുവരിയിൽ ഗോവിന്ദ് പൻസാരെയും, അതേ ആഗസ്റ്റിൽ ധാർവാഡിൽ പ്രൊഫസർ എം.എം. കൽബുർഗിയും, 2017 സെപ്തംബറിൽ ഗൗരി ലങ്കേഷും വെടിയേറ്റു മരിച്ച സംഭവങ്ങൾക്കു പിന്നിൽ സമാനതകളുണ്ടെന്ന് മഹാരാഷ്ട്ര, കർണാടക അന്വേഷണ സംഘങ്ങളും സി.ബി.ഐയും കണ്ടെത്തിയിരുന്നു.