ന്യൂഡൽഹി: വില്യം ഷേക്‌സ്പിയറും ശശി തരൂരും തമ്മിൽ എന്താ എന്ന് ചോദിച്ചാൽ വേണമെങ്കിൽ ഇംഗ്ലീഷ് ഭാഷ കൊണ്ട് രണ്ട് പേരെയും ബന്ധിപ്പിക്കാം. ഷേക്‌സ്‌പീരിയൻ ഇംഗ്ലീഷ് പോലെ ഒരു തരൂരിയൻ ഇംഗ്ലീഷും പൂത്തുലയുന്നുണ്ട്. ഷേക്‌സ്‌പീരിയൻ ഡിക്‌ഷണറി പോലെ തരൂരിനും മനസ് വച്ചാൽ സ്വന്തമായി ഒരു ഇംഗ്ലീഷ് നിഘണ്ടു ചമയ്‌ക്കാവുന്നതേയുള്ളൂ. ഇതൊക്കെ മനസിൽ വച്ചാവണം ഏതോ ആരാധകൻ തരൂരിനെ മോർഫ് ചെയ്‌ത് ഷേക്‌സ്‌പിയറാക്കിയത്. ആ ചിത്രം ശശി തരൂർ ഇന്നലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത് വൈറലായി. മണിക്കൂറുകൾക്കുള്ളിൽ 15,000 ലൈക്ക് ! നീണ്ട ചുരുളൻ മുടിയും താടിയും ഉള്ള ഷേക്‌സ്പിയറുടെ ചിത്രത്തിൽ ശശി തരൂരിന്റെ പുഞ്ചിരിക്കുന്ന മുഖം വിദഗ്ദ്ധമായി സന്നിവേശിപ്പിച്ച ചിത്രം വാട്ട്സാപ്പിലാണ് ആദ്യം പ്രചരിച്ചത്. തരൂർ അത് സ്വന്തം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
''എന്നെ ഏറ്റവും പുകഴ്‌ത്തുന്ന ഒരു ചിത്രമാണിത്. എന്നെ ഷേക്‌സ്പിയറാക്കി മാറ്റാൻ അജ്ഞാതനായ ഒരാൾ ചിന്തിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഈ ആദരം ഞാൻ അർഹിക്കുന്നില്ല. എങ്കിലും ഇത് ചെയ്‌ത ആളിന് നന്ദി...'' എന്ന കുറിപ്പോടെയാണ് തരൂരിന്റെ ട്വീറ്റ്.
ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങൾ സോഷ്യൽ മീഡിയ ഭ്രാന്തന്മാരെ നിഘണ്ടു തേടി ഓടിക്കാറുണ്ട്. നർമ്മവും പരിഹാസവുമൊക്കെ നിറയുന്ന പോസ്റ്റുകളാണ് അദ്ദേഹത്തിന്റേത്. ട്വിറ്ററിൽ തന്നെ അവഹേളിക്കുന്നവരെ പരാമർശിച്ച് കഴിഞ്ഞവർഷം തരൂർ പ്രയോഗിച്ച 'ലാലോച്ചീസിയ' ( lalochezia ) എന്ന വാക്കാണ് ഏറ്റവും ഒടുവിൽ തരൂർ വൈറലായത്. 'തെറി വാക്കുകൾ പറഞ്ഞ് ടെൻഷൻ കുറയ്‌ക്കുക" എന്നാണ് മലയാള അർത്ഥം. ''ലാലോച്ചീസിയ ബാധിച്ചവരെ എല്ലാ ദിവസവും ട്വിറ്ററിൽ ഞാൻ നേരിടുന്നുണ്ട്''എന്നായിരുന്നു തരൂരിന്റെ കമന്റ്. അതിന് മുൻപ് 29 അക്ഷരങ്ങളുള്ള "floccinaucinihilipilification"എന്ന വാക്കും തരംഗമായിരുന്നു.