murder

പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കാെലപ്പെടുത്തിയ നിലയിൽ തോട്ടിൽ കണ്ടെത്തി. സുഹൃത്തിനെ പൊലീസ് തെരയുന്നു. റൈസ് മിൽ തൊഴിലാളി മദ്ധ്യപ്രദേശ് റവ വില്ലേജിലെ സാങ്കി പ്രദേശി സന്തോഷിന്റെ മകൻ സോനുവിനെയാണ് (24) ഐമുറിക്കവലയിൽ റോഡരികിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും കൈക്കും വയറിലും വെട്ടേറ്റ പാടുണ്ട്. സോനു രണ്ട് മാസം മുമ്പാണ് വിവാഹിതനായത്. ഒരുമിച്ച് ജോലി ചെയ്തിരുന്ന സുഹൃത്ത് രാജു ബോറിനെയാണ് (26) പൊലീസ് തെരയുന്നത്. സോനുവുമായി കലഹിച്ച് രാജു രണ്ട് മാസം മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. തുടർന്ന് രാജു ഉന്തുവണ്ടിയിൽ പലഹാര കച്ചവടം തുടങ്ങി. കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയുടെ കവർ മൃതദേഹം കിടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തു. മറ്റ് തൊഴിലാളികളോടൊപ്പം കൂവപ്പടിയിലെ വാടക വീട്ടിലായിരുന്നു സോനു താമസിച്ചിരുന്നത് .
റോഡരികിലെ പറമ്പിൽ പിടിവലി നടന്ന ലക്ഷണമുണ്ട്. നാലു സൃഹൃത്തുക്കളുമായി ശനിയാഴ്ച വൈകിട്ട് ഒരുമിച്ചാണ് സോനു കമ്പനിയിൽ നിന്ന് ജോലികഴിഞ്ഞ് ഇറങ്ങിയത്. രാത്രിയോടെ കൊലപാതകം നടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിൽ ഒന്നിലേറെ പേർ ഉൾപ്പെട്ടതായി പൊലീസ് സംശയിക്കുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.