ഇറ്രാലിയൻ ടീമുകൾക്കെതിരെ സ്പാനിഷ് ടീമുകൾക്ക് തകർപ്പൻ ജയം
മിഷിഗൺ: പ്രീസീസൺ മത്സരങ്ങളിൽ സ്‌പാനീഷ് സൂപ്പർ ക്ലബുകളായ ബാഴ്സലോണയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും തകർപ്പൻ ജയം. ബാഴ്സലോണ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ഇറ്രാലിയൻ വമ്പൻമാരായ നാപ്പൊളിയേയും അത്‌ലറ്റിക്കോ നിലവിലെ സിരി എ ചാമ്പ്യൻമാരായ യുവന്റസിനെയുമാണ് വീഴ്ത്തിയത്.
ബ്രാവോ ബാഴ്സ
അമേരിക്കയിലെ മിഷിഗണിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണ നാപ്പൊളിയെ തകർത്തത്. മിയാമിയിൽ 8ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണ നാപ്പൊളിയെ കീഴടക്കിയിരുന്നു. മിഷിഗൺ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ലൂയിസ് സുവാരസിന്റെ ഇരട്ടഗോളുകളാണ് നാപ്പൊളിക്ക് തകർപ്പൻ ജയമൊരുക്കിയത്. അത്‌ലറ്റിക്കോയിൽ നിന്നെത്തിയ സൂപ്പർതാരം അന്റോയീൻ ഗ്രീസ്മാൻ ബാഴ്സയ്ക്കായി ആദ്യ ഗോൾ കണ്ടെത്തി. ഔസ്‌മനെ ഡെംബലെയും ബാഴ്സയ്ക്കായി ഒരുതവണ ലക്ഷ്യം കണ്ടു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബാഴ്സ നാല് ഗോളുകളും നേടിയത്. പരിക്കിനെത്തുടർന്ന് വിശ്രമിക്കുന്ന നായകൻ ലയണൽ മെസിയില്ലാതെയിറങ്ങിയ ബാഴ്സയുടെ മുന്നറ്റ നിരയിൽ സുവാരസും ഗ്രീസ്മാനും ഡെംബലെയും മികച്ച ഒത്തിണക്കമാണ് കാഴ്ചവച്ചത്. അടുത്ത ശനിയാഴ്ച പുലർച്ചെ അത്‌ലറ്രിക്കോ ബിൽബാവോയ്ക്കെതിരെ പുതിയ ലാലിഗ സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ബാഴ്സയ്ക്ക് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം.
ഫാബുലസ് ഫെലിക്സ്
സ്റ്രോക്ഹോമിലെ ഫ്രണ്ട്സ് അരീനയിൽ നിടന്ന ഇന്റർനാഷണൽ കപ്പ് സൗഹൃദ മത്സരത്തിൽ റെക്കാഡ് തുകയ്ക്ക് ഈസീസണിൽ ടീമിലെത്തിയ പോർച്ചുഗീസ് ടീനേജർ ജോവോ ഫെലിക്സിന്റെയും തോമസ് ലെമറിന്റെയും ഗോളുകളാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ യുവന്റസിനെതിരെ അത്‌ലറ്രിക്കോ മാഡ്രിഡിന് ജയമൊരുക്കിയത്. റൊണാൾഡോ മങ്ങിയ മത്സരത്തിൽ സാമി ഖദീര യുവന്റസിനായി ഒരു ഗോൾ മടക്കി.
നോട്ട് ദ പോയിന്റ്
ബാഴ്സലോണയ്ക്കായി ഗ്രീസ്‌മാന്റെ ആദ്യ ഗോളാണ് ബാഴ്സലോണയ്ക്കെതിരെ നേടിയത്.
1,10000 പേർക്കിരിക്കാവുന്ന മിഷിഗൺ സ്റ്രേഡിയത്തിൽ ബാഴ്സയുടെയും നാപ്പൊളിയുടെയും മത്സരം കാണാനെത്തിയത് 60,0043പേർ
126 മില്യൺ യൂറോയ്ക്കാണ് (ഏകദേശം 1012 കോടി 52 ലക്ഷം രൂപ) പത്തൊമ്പതുകാരനായ ജോവോ ഫെലിക്സിനെ ബെൻഫിക്കയിൽ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് റാഞ്ചിയത്. ഒരു ടീനേജറുടെ ഏറ്രവും ഉയർന്ന രണ്ടാമത്തെ കരാറാണിത്.