ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യുന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു എന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയത് തീവ്രവാദത്തിന് അന്ത്യം കുറിയ്ക്കുമെന്നും അത് കാശ്മീരിൽ വികസനത്തിന് കാരണമാകുമെന്നും അമിത് ഷാ പറഞ്ഞു. ഉപരാഷ്ട്രപതിയായുള്ള എം.വെങ്കൈയ്യ നായിഡുവിന്റെ രണ്ടു വർഷം നീണ്ട സേവനത്തെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയേണ്ടതായിരുന്നു എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും ആർട്ടിക്കിൾ 370 ഒരിക്കലും രാജ്യത്തിന് ഗുണകരമല്ലെന്നും അമിത് ഷാ പറഞ്ഞു.
'ആർട്ടിക്കിൾ 370 റദ്ദ് ചെയ്യണം എന്ന് തന്നെയാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. അത് എടുത്ത് കളഞ്ഞത് കാരണം തീവ്രവാദത്തെ അമർച്ച ചെയ്യാൻ സാധിക്കും. അത് കാശ്മീരിന്റെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യും.' അമിത് ഷാ പറഞ്ഞു. കാശ്മീരിന്റെ പദവി എടുത്ത് കളഞ്ഞ നിർണായക തീരുമാനത്തിന് ശേഷം അവിടെ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് സംശയത്തിന്റെ ഒരണു പോലും തന്റെ മനസ്സിൽ ഇല്ലായിരുന്നു എന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാരും ഈ രാജ്യത്തെ ആർട്ടിക്കിൾ 370യിൽ നിന്നും രക്ഷിച്ചു എന്നും അദ്ദേഹം പറഞ്ഞു.