school-exam

ന്യൂഡൽഹി:സി. ബി. എസ്. ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷകളുടെ ഫീസ് പട്ടിക ജാതി, പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് 24 മടങ്ങായും ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്ക് ഇരട്ടിയായും വർദ്ധിപ്പിച്ചു. പട്ടിക ജാതി, പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അഞ്ച് വിഷയങ്ങൾക്ക് നിലവിലുള്ള ഫീസ് വെറും 50 രൂപയാണ്. അത് 1,200 രൂപയായാണ് കൂട്ടിയത്. ജനറൽ കാറ്റഗറിക്ക് നിലവിലുള്ള 750 രൂപ 1,500 രൂപയായും വർദ്ധിപ്പിച്ചു.പൂർണമായും അന്ധരായ വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കേണ്ടതില്ല.

പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഒൻപതാം ക്ലാസിൽ വച്ചും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാൻ 11ാം ക്ലാസിൽ വച്ചും രജിസ്റ്റർ ചെയ്യണം. ഫീസിലെ വർദ്ധന കഴിഞ്ഞയാഴ്‌ച തന്നെ സി. ബി. എസ്. ഇ സ്‌കൂളുകളെ അറിയിച്ചിരുന്നു. പഴയ ഫീസ് പ്രകാരം രജിസ്‌ട്രേഷൻ തുടങ്ങിയ സ്‌കൂളുകൾ വർദ്ധിപ്പിച്ച ഫീസനുസരിച്ചുള്ള അധികം തുക വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അവസാന തീയതിക്ക് മുൻപ് അധികം തുക അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ നൽകില്ല. അവരെ 2019 - 20 ലെ പരീക്ഷ എഴുതാനും അനുവദിക്കില്ല.

പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയ്‌ക്ക് ഓരോ അധിക വിഷയത്തിനും പട്ടിക ജാതി, പട്ടിക വർഗ്ഗ വിദ്യാർത്ഥികൾ ഇനി 300 രൂപ നൽകണം. നിലവിൽ ഇത് സൗജന്യമായിരുന്നു. ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്ക് അധിക വിഷയത്തിന് നിലവിൽ 150 രൂപയായിരുന്നു. അതും 300 രൂപയായി വർദ്ധിപ്പിച്ചു.

മൈഗ്രേഷൻ ഫീസും 150 രൂപയിൽ നിന്ന് 350രൂപയായി വർദ്ധിപ്പിച്ചു. വിദേശത്തെ സി. ബി. എസ്. ഇ സ്‌കൂളുകളിൽ എൻറോൾ ചെയ്‌ത 10,12 ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസും വർദ്ധിപ്പിച്ചു. അഞ്ച് വിഷയങ്ങൾക്ക് നിലവിൽ 5,000 രൂപയായിരുന്നത് 10,000 രൂപയായാണ് വർദ്ധിപ്പിച്ചത്. ഇവർക്ക് 12ാം ക്ലാസിൽ ഓരോ അധിക വിഷയത്തിനും ഇനി 2,000 രൂപ അടയ്‌ക്കണം. നിലവിൽ ഇത് 1,000 രൂപയായിരുന്നു.